അന്നധന്യത
ജോസാന്റണി ഗുരു നിത്യചൈതന്യയതിയുടെ പ്രചോദനത്തില്‍ എഴുതിയതാണ് ഈ കവിത അന്നമെന്നും ധാന്യമെന്നും രണ്ടു വാക്കുകളുള്ളതില്‍ ധന്യതാലയഭാവമായ് 'ധന'- മെന്നു ഗുരു യതിയരുളവെ 'അന്നധന്യത'യെന്നയോഗമ- തെന്നിലായ് മുളപൊട്ടി,യി- 'ന്നന്നധന്യത'യെന്നതിന്‍ പൊരുള്‍ കണ്ടറിഞ്ഞരുളാനരുള്‍! അന്നമിങ്ങു വിശപ്പടങ്ങവെ- യേകിടുന്നതു ധന്യത! അന്നമേകവെയും നമുക്കു ലഭിച്ചിടും ധനധന്യത! ധന്യഭാവം ചാരിതാര്‍ഥ്യമൊ- ടൊത്തു'മതി'യെന്നുള്ളൊരാ തോന്നലുംകൂടിങ്ങുണര്‍ന്നു- വരുമ്പൊഴുള്ളൊരു ഭാവമാം! അന്യരല്ലിവിടാരുമെന്നറി- യിച്ചിടുന്നൊരു ധന്യത! അന്നമെന്നതു ബ്രഹ്‌മമാ,ണതു പ്രാണനായ്, മനമായുമീ എന്നെയറിവിലുണര്‍ത്തിയാന- ന്ദാമൃതം പകരും പൊരുള്‍! അന്നമൊക്കെയടങ്ങിടും പൊരു- ളിങ്ങു നല്ലതു, ചീത്തയും അന്നമെന്നതില്‍, നാം വിവേകമൊ- ടുള്ളടക്കുക, ധന്യരായ്!