അഴിമതിയ്‌ക്കെതിരെ നിത്യചൈതന്യയതി

 (1983-ലാണെന്നു തോന്നുന്നു ഗുരു നിത്യചൈതന്യതിക്ക് കോഴിക്കോട്ട് ഒരു സിംപോസിയത്തില്‍ അഴിമതിക്കെതിരെ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം കിട്ടിയത് . ഗുരു അതില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്നും അദ്ദേഹത്തിനു പറയാനുള്ളത് അവിടെ അവതരിപ്പിക്കാന്‍ ഒരാളെ അയയ്ക്കാമെന്നും സംഘാടകരെ അറിയിച്ചതിനെത്തുടര്‍ന്ന് എനിക്കു പറഞ്ഞുതന്ന് ഞാന്‍ എഴുതിയെടുത്ത പ്രബന്ധമാണ് താഴെ കൊടുക്കുന്നത്. ഗുരു ഈ ലേഖനം എവിടെയും പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയില്ല.)


ജോസാന്റണി, പാലാ -686579


അഴിമതി ഒരു രോഗമാണ്. സാമൂഹികരോഗം. മിക്ക രോഗങ്ങള്‍ക്കും ഒരു ഘട്ടംഎത്തുന്‌നതുവരെ ഉപാന്തിയുണ്ടാക്കാന്‍ കഴിയും. അവിടം കഴിഞ്ഞാല്‍ മരണം വരികതന്നെ ചെയ്യും.


ഇത് സാമൂഹികരോഗങ്ങള്‍ക്കും ബാധകമാണ്. ഈ രോഗത്തെ ചികിത്സിച്ചു ഭേദമാക്കണമോ? ഇപ്പോഴത്തെ സാമൂഹികവ്യവസ്ഥിതിയെ തുടച്ചുമാറ്റിയിട്ട് അവിടെ വേറെ വ്യവസ്ഥിതി ഉണ്ടാക്കുക സാധ്യമാണോ? അതു സാധ്യമാണോ എന്നൊക്കെ തീരുമാനിക്കണമെങ്കില്‍ ഈ രോഗത്തിന്റെ നില നല്ലതുപോലെ അറിയണം. രോഗത്തെപ്പറ്റി അറിയുക എന്നാല്‍ എന്താണു രോഗം, അതെങ്ങനെയുണ്ടായി, അത് അതിന്റെ വളര്‍ച്ചയിലും വര്‍ധനവിലും വേറെ ഏതേതു രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നൊക്കെ സ്പഷ്ടമായി മനസ്സിലാക്കേണ്ടതുണ്ട്.


എന്താണ് അഴിമതിയുടെ പൊതുവായ ലക്ഷണം?


അത് സത്യത്തെ മറയ്ക്കുന്നു, നീതിയെ നിഷേധിക്കുന്നു, നിയമത്തെ മറികടക്കുന്നു, സമഷ്ടിയുടെ ജീവിതഭദ്രതയെ തകര്‍ക്കുന്നു.


ഈ രോഗം എങ്ങനെ അനുഭവപ്പെടുന്നു?


കായക്ലേശം, വികാരതീക്ഷ്ണത, നൈരാശ്യം, കുറ്റബോധം, അഭിമാനച്ഛിദ്രം, നാശനഷ്ടം, ഇങ്ങനെ എല്ലാത്തരത്തിലും ദുഃഖമായി അനുഭവപ്പെടുന്നു.


ആരാണീ ദുഃഖത്തെ ഉണ്ടാക്കുന്നത്?


അറിഞ്ഞും അറിയാതെയും സാമൂഹികദ്രോഹികളായിത്തീര്‍ന്നിരിക്കുന്ന സ്വാര്‍ഥമതികള്‍തന്നെ.


ആരാണീ സ്വാര്‍ഥമതികള്‍?


ഞാനും നിങ്ങളും അല്ലാതാരുമല്ല.


നമ്മളെങ്ങനെ സ്വാര്‍ഥമതികളായി?


ജീവിതത്തിന്റെ മുഖ്യലക്ഷ്യം പണമാണെന്ന് നമ്മോടുപദേശിക്കുകയും ജീവിതത്തിന്റെ എല്ലാത്തുറകളിലും പണത്തിന്റെ അധീശത്വം സ്ഥാപിച്ചെടുക്കുകയും പണമില്ലാത്തവന്‍ പിണമാണെന്ന് ഒരു കൊച്ചുകുട്ടിക്കുപോലും ബോധ്യം വരത്തക്കവിധം വ്യവസ്ഥകളുണ്ടാക്കുകയും പണത്തിനുവേണ്ടി ചെയ്യുന്ന ഏതു ഹീനകൃത്യവും പണംകൊണ്ടുതന്നെ മറച്ചുവയ്ക്കാമെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പണാധീശത്വ വ്യവസ്ഥിതിയാണ് നമ്മെ സ്വാര്‍ഥമതികളാക്കിയത്.  ഒരു കാലത്ത് പ്രയോജനമൂല്യത്തിന് ഒരു പ്രതീകമായിരുന്നുകൊണ്ട് വിനിമയത്തെ എളുപ്പമാക്കാന്‍ മനു,്‌യന്‍ കണ്ടുപിടിച്ച പണം ഇപ്പോള്‍ പ്രയോജനമൂല്യത്തിന്റെ സിംഹാസനത്തില്‍ അവരോധിതനായിരുന്ന് എല്ലാവരെയും ഭരിക്കുന്നു. പണം കയ്യാളുന്നതിനുള്ള ഉപാധികള്‍ പണത്തെപ്പോലെതന്നെ വശ്യതയുള്ളവയാണ്.


എന്തൊക്കെയാണ് ഈ ഉപാധികള്‍?


സമയം, സ്ഥലം (space), ചലനവേഗത, ഊര്‍ജം, യന്ത്രം, ആയോജനകൗശലം, പ്രസിദ്ധി, പൊതുജനവിശ്വാസം, ബുദ്ധിശക്തി, അധ്വാനശേഷി, അധികാരം, കമ്പോളം, ഗതാഗതസൗകര്യം, കുത്തക മുതലായവയാണ്, അവ. ഇതില്‍ അവസാനം പറഞ്ഞത് മറ്റെല്ലാ ഇനങ്ങളെയും ഒരുതരത്തിലല്ലെങ്കില്‍ വേറൊരുതരത്തില്‍ ഒരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ ഒതുക്കിവയ്ക്കാന്‍ ന്ിരന്തരമായ പ്രേരണ നല്കിക്കൊണ്ടിരിക്കുന്നു. പണാധിഷ്ഠിതവ്യവസ്ഥിതിയില്‍ പണമാണ് സര്‍വപ്രധാനമെങ്കിലും, പണത്തിന് ഈ അധീശത്വം നല്കുന്ന മാസ്മരികത, അതില്‍ ഉണ്ട് എന്ന് ജനങ്ങള്‍ വിശ്വസിച്ചുപോരുന്ന സുരക്ഷിതത്വമാണ്. ലോകത്തിലെ ഏറ്റവും വലിയ ചൂഷണശക്തിയായി  വന്‍രാഷ്ട്രങ്ങള്‍പോലും ഉപയോഗിച്ചുപോരുന്ന ഉപാധിയാണ്, സുരക്ഷിതത്വത്തെപ്പറ്റിയുള്ള നിറം പിടിപ്പിച്ച ബോധം. ബാങ്കുനിക്ഷേപം, പലിശ, ബോണ്ടുകള്‍, ഇന്‍ഷ്വറന്‍സ്പദ്ധതികള്‍ - ഇതെല്ലാം അരക്ഷിതത്വത്തെ നേരിടാന്‍ ആരാധനാപൂര്‍വം പണാധിഷ്ഠിതരാജ്യങ്ങളില്‍ സ്വീകരിച്ചിട്ടുള്ള ദൈവതങ്ങളാണ്. പണം പണത്തെ പ്രസവിക്കുന്ന ഇന്ദ്രജാലമാണ് ഇവയൊക്കെ ഉപയോഗിക്കുന്ന കണ്‍കെട്ടുവിദ്യ. അങ്ങനെ അഴിമതിയിലെ ഒന്നാമത്തെ ഇനമായ സത്യനിഷേധവും അസത്യപ്രചാരണവും സര്‍ക്കാരുകള്‍പോലും നിര്‍ലജ്ജം എല്ലായിടത്തും എപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു.


പണത്തോടുള്ള അസത്യജടിലമായ ആരാധന മാറണമെങ്കില്‍ സുരക്ഷിതത്വം സമൂഹത്തിന്റെ ഭദ്രതയിലാണ് എന്ന് ഒരിക്കലും മറക്കാത്തമാതിരി ഓര്‍മവരുന്ന സാമൂഹികജീവിതവ്യാപാരം സാര്‍വത്രികമാകണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ പട്ടിണിക്കാരനായ അയല്‍ക്കാരന്‍ ഉണ്ടായിരിക്കുമ്പോള്‍ ബാങ്കു പ്രതിജ്ഞചെയ്യുന്ന സുരക്ഷിതത്വം അസാധ്യമാണെന്ന് അനുഭവംകൊണ്ട് മനസ്സിലാക്കണം. സ്വകാര്യസ്വത്തിന്റെ ഉടമസ്ഥാവകാശം സത്യസന്ധവും നീതിനിഷ്ഠവുമായ ഒരു വിമര്‍ശനത്തിനു വിധേയമാക്കി അതില്‍നിന്നുരുത്തിരിഞ്ഞു വരുന്ന നിയമത്തിന് സാധുതയുണ്ടാക്കിക്കൊടുക്കുന്ന ഒരു സമുദായത്തിനുമാത്രമേ സുരക്ഷിതത്വം പണത്തിലല്ല, നീതിനിഷ്ഠമായ സാമൂഹികഭദ്രതയിലാണെന്ന് സ്ഥാപിക്കാന്‍ കഴിയൂ.


എന്തുകൊണ്ട് കള്ളപ്രചരണം നമ്മെ ആദ്യം മയക്കുകയും പിന്നീട് ശ്വാസംമുട്ടിക്കുകയും ചെയ്യുന്നു?


നന്മയെ രണ്ടുതരത്തില്‍ മനസ്സിലാക്കാം. പൊതുനന്മ (ഴലിലൃമഹ ഴീീറ) എന്നും ഓരോരുത്തരുടെയും നന്മ (ഴീീറ ളീൃ ലമരവ) എന്നും. പൊതുന്മയ്ക്കുള്ള പരിപാടികള്‍ മുമ്പോട്ടുവയ്ക്കുമ്പോള്‍ അതില്‍ ഓരോരുത്തരുടെയും നന്മകൂടി അടങ്ങിയിരിക്കുന്നു എന്ന് എല്ലാവരും വിശ്വസിക്കുന്നതിനാല്‍ ആ പരിപാടിയുടെ സാധ്യതയില്‍ ആകൃഷ്ടരായിത്തീരുന്നു. എന്നാല്‍ മൂര്‍ത്തവും അമൂര്‍ത്തവുമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപാധി എല്ലായ്‌പ്പോവും പരിമിതമാകയാല്‍ വിതരണത്തില്‍വരുന്ന വ്യത്യാസംകൊണ്ട് പല അനുപാതത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത്. ''ഉള്ളവന് ഇനിയും കൊടുക്കപ്പെടും, ഇല്ലാത്തവനില്‍നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും'' എന്ന തത്ത്വം യേശു പറയുന്ന സ്വര്‍ഗരാജ്യത്തിലെക്കാളും ഈ നരകരാജ്യത്തില്‍ കൂടുതല്‍ പ്രസക്തിയുള്ളതാണ്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ സംഖ്യ ആദ്യമൊക്കെ ഭൂരിപക്ഷമായിരിക്കും. അപ്പോള്‍ അവര്‍ പൊതുവായ നന്മയുടെ പേരില്‍ ന്യൂനപക്ഷത്തിന്റെ കെടുതി മറന്നുകൊണ്ട് വിതരണത്തിന്റെ കുത്തകക്കാരെയും ദല്ലാളുകാരെയും പിന്താങ്ങിനില്ക്കും. ഏറെത്താമസിയാതെ ഈ വഞ്ചനാത്മകമായ വ്യവസ്ഥിതിയില്‍ സര്‍വാനുകൂല്യങ്ങളുമുള്ള ന്യൂനപക്ഷവും ആനുകൂല്യങ്ങള്‍ ദിവസംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷവും ഉണ്ടാകും. അപ്പോള്‍മാത്രമേ ജനം വഞ്ചിതരായി എന്നു സ്വയം അറിയുകയുള്ളു. അതുകൊണ്ട് നീതിയുടെ വിതരണം അതിന്റെ ഓരോ സന്ദര്‍ഭത്തിലും ഉറ്റുപാര്‍ത്തു നോക്കി എവിടെവിടെ അതില്‍ പാളിച്ചയുണ്ടാകുന്നോ അവിടവിടെ അതു വിളിച്ചുപറഞ്ഞ് അപ്പോള്‍തത്തന്നെ പരിഹാരം ലഭിക്കാന്‍വേണ്ടി ആനുകൂല്യം ലഭിച്ചവരും നഷ്ടപ്പെട്ടവരും ഒറ്റക്കെട്ടായിനിന്ന് വിതരണപ്രക്രിയയെ ഊനമറ്റതാക്കിയാല്‍മാത്രമേ നീതിനിര്‍വഹണം സമര്‍ഥമാകയുള്ളു. കൈക്കൂലി ആദ്യമൊക്കെ കൈമടക്കായിരുന്നു. - എന്നു പറഞ്ഞാല്‍ വേറൊരാള്‍ അറിയാതെ കൊടുക്കുന്നത്. അതില്‍നിന്നുതന്നെ മറ്റുള്ളവരറിഞ്ഞാല്‍ വാങ്ങുകയില്ല എന്നുവരുന്നു. ബഹുജനങ്ങളുടെ ധര്‍മനീതിയുടെ മുമ്പില്‍ ഒറ്റപ്പെടുന്നത് തന്റെ സുരക്ഷിതത്വത്തിന് ഹാനികരമാണ് എന്ന വിശ്വാസം സുരക്ഷിതത്വമുള്ള ഒരുപാധിയായി എണ്ണിയിരുന്നത്. ഒരാള്‍ക്കും പൂര്‍ണമായി തന്റെ ധര്‍മനിഷ്ഠയെ വിസ്വസിക്കാന്‍ സാധ്യമല്ല. അതിനെ നിലനിര്‍ത്താന്‍ പൊതുസഹായം കൂടി വേണം. അതുകൊണ്ട് തെറ്റുകളെ വിളിച്ചുപറയുന്ന ഒരു വിമര്‍ശകസംഘം എല്ലാ ആപ്പീസിലും ഉണ്ടാകണം.


ഈ വിമര്‍ശനം എന്തിനെതിരെയായിരിക്കണം?


കുറെപ്പേര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ.


നീതി നിഷേധിക്കപ്പെടുന്നത് എങ്ങനെയാണ്?


ന്യായമായി ലഭിക്കേണ്ടത് കൃത്യമായി കൊടുക്കാതെ അതിനു വില ചുമത്തി വില്പനച്ചരക്കാക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നു, ന്യായമില്ലാത്ത അവകാശം വില്പനയ്ക്കു വയ്ക്കുമ്പോഴും നീതി നിഷേധിക്കപ്പെടുന്നു, നീതിക്കും അനീതിയ്ക്കും ഇപ്പോഴത്തെ ദുഷിച്ച വ്യവസ്ഥിതിയില്‍  വില വാങ്ങുന്നു എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം.


ആര്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നത്?


സാമുദായികമായ സംഘടനാശക്തി ഇല്ലാത്തവര്‍ക്കും ദരിദ്രരായി ഒറ്റപ്പെട്ടു നില്ക്കുന്നവര്‍ക്കും ഭരണതലത്തില്‍ ശക്തനായ ബന്ധുവില്ലാത്തവര്‍ക്കും നീതിന്യായക്കോടതിയില്‍ പോയി നീതിക്കായി പൊരുതാന്‍ ചങ്കൂറ്റവും പണശേഷിയും ഇല്ലാത്തവര്‍ക്കും ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രത്തെ മാനിക്കുകയും സഹകരിക്കുകയും ചെയ്യാത്തവര്‍ക്കുമാണ് നീതി നിഷേധിക്കപ്പെടുന്നത്.


പോംവഴിയെന്താണ്?


നീതി നിഷേധിക്കപ്പെട്ടവരുടെ ജിഹ്വയും കരുത്തുള്ള കൈകളും നിയമസമ്മര്‍ദ്ദവും ആയി ഒരു ജനകീയ അവകാശസംരക്ഷണസമിതി എപ്പോഴും ഓരോരുത്തരുടെയും പിന്നിലുണ്ടെന്ന് ബോധ്യം വരുത്തണം.


ആര്‍ക്കാണ് നീതിരഹിതമായ അവകാശം വിലയ്ക്കു വാങ്ങാന്‍ കഴിയുന്നത്?


ഭരണകൂടത്തെ തകിടംമറിക്കാനുള്ള ഊറ്റമാര്‍ജിച്ചുനില്ക്കുന്ന സായുധ സംഘടിതശക്തിക്കും നീതിയെയും നിയമത്തെയും ദുര്‍വ്യാഖ്യാനം ചെയ്ത് ആനികൂല്യത്തെ രഹസ്യമായ ലേലത്തിനു വയ്ക്കുമ്പോള്‍ മറുചെവിയറിയാതെ ഏറ്റവും കൂടിയതുകയ്ക്ക് വിളി കേള്‍ക്കാന്‍ കഴിയുന്നവനും  സ്വജനപക്ഷപാതമുള്ള മേധാവിയുടെ അനുയായിയായി കഴിയുന്നവനും ലൈംഗികാസക്തികൊണ്ടു കണ്ണു കാണാതാകുന്ന മേധാവിക്കു മേധാവിക്കു വശംവദയാകാന്‍ മടിയില്ലാത്തവള്‍ക്കും - ഇങ്ങനെയുള്ളവര്‍ക്ക് ഭരണകൂടത്തെ ദുര്‍ബലവും വിഷലിപ്തവും ആക്കാനും കഴിയും.


ഇതിനുള്ള പ്രതിവിധി എന്താണ്?


എല്ലാ ആപ്പീസിലും അനീതിനിരോധ-നിര്‍മാര്‍ജന സമിതി വേണം. ഇരുപതു പേര്‍ പണിയെടുക്കുന്ന ഒരു ആപ്പീസില്‍ മൂന്നുപേര്‍ നീതിന്യായ നിരീക്ഷകരായിരിക്കണം. അഞ്ചുപേര്‍ അവകാശ സംരക്ഷണസമിതിയില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. അഞ്ചുപേര്‍ അനീതിനിരോധ-നിര്‍മാര്‍ജന സമിതിയില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. ഈ സമിതികള്‍ ചേര്‍ന്ന് പ്രതിവാരം ഒരു ചുവര്‍പ്പത്രിക പുറപ്പെടുവിക്കണം. അവാസ്തവ പ്രസ്താവന പരസ്യപ്പെടുത്തുന്നവരെ സ്ഥാനഭ്രഷ്ടരാക്കാന്‍ ജീവനക്കാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് അധികാരം കൊടുക്കണം.


പണാധിഷ്ഠിത വ്യവസ്ഥിതിയില്‍ എല്ലാറ്റിനും മായം ചേര്‍ക്കുന്നത് എന്തുകൊണ്ടാണ്?


അധ്വാനലാഭം + സമയലാഭം + മായം = എളുപ്പത്തില്‍ വലിയ ലാഭം എന്നതാണ് മായംചേര്‍ക്കലുകാരന്റെ സമവാക്യം.


എല്ലാവര്‍ക്കും വെറുപ്പുള്ള ഈ നടപടി എന്തുകൊണ്ടാണ് വ്യാപകമായി വളരുന്നത്?


നമുക്ക് ശക്തവും ശാസ്ത്രീയവും സംഘടിതവുമായ ഒരു ഉപഭോക്തൃസംഘടനയില്ലാത്തതുകൊണ്ട് ഓരോ ബ്ലോക്കിലും വാര്‍ഡിലും മായംചേര്‍ത്തവസ്തുക്കളെ പൊതുജനദൃഷ്ടില്‍ കൊണ്ടവരുന്നതിന് ഒരു നിരീക്ഷകസംഘം വേണം. സംശയിക്കപ്പെടുന്ന വസ്തുവില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നു പരിശോധിച്ചറിയാന്‍ ശാസ്ത്രീയമായി സജ്ജീകരിച്ചിട്ടുള്ള ക്വളിറ്റിടെസ്റ്റ് ലബോറട്ടറി വേണം. അതില്‍ സാസ്ത്രജ്ഞാനമുള്ള സന്നദ്ധസംഘം പ്രവര്‍ത്തിക്കണം. മായം ചേര്‍ത്തതാണെന്നു തെളിഞ്ഞാല്‍ അതിന്റെ ബ്രാന്‍ഡുപേരും വില്പനക്കാരന്റെ പേരും വലുതായി എഴുതിവച്ച ഒരു ബോര്‍ഡിന്റെ  മുമ്പില്‍ വച്ച് സാധനം പരസ്യമായി തീയിലിടുകയോ നശിപ്പിക്കുകയോ ചെയ്യണം. കടകളുടെ മുമ്പില്‍ആ ഉപഭോഗവസ്തുവിനെതിരായി പ്രകടനം നടത്തണം. പത്രങ്ങളില്‍ ആ വാര്‍ത്ത പ്രസിദ്ധപ്പെടുത്തണം.


നിയമവിധേയത്വമോ നിയമനിഷേധമോ?


സോക്രട്ടീസ് നിയമത്തിനു വിധേയനായി വിഷം കഴിച്ചു മരിച്ചു. മഹാത്മാഗാന്ധി നിയമം നിഷേധിച്ച് വിദേശഭരണത്തെ ധിക്കരിച്ചു. സോക്രട്ടീസിന്റെ മാര്‍ഗം ആത്മഹത്യാപരമാണ്. മഹാത്മാഗാന്ധിയുടെ മാര്‍ഗം നിയമഭരണത്തിന്റെ പാരമ്പര്യത്തെ ഹനിക്കുന്നതും അരാജകത്വത്തെ അനുകൂലിക്കുന്നതും ആണ്. വാസ്തവത്തില്‍ വേണ്ടത് നിയമത്തെ ഊര്‍ജിതപ്പെടുത്തലാണ് (Enforcement of Law).


നിയമം നടപ്പാക്കേണ്ടതു സര്‍ക്കാരാണ്. സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ ജനങ്ങളല്ലാത്തതും നിയമപാലനാധികാരത്തിന്റെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടവരും ആണ് എന്ന ധാരണ കൊളോണിയല്‍ ഭരണം കൊണ്ട് ജനങ്ങളുടെ മനസ്സില്‍ രൂഢമൂലമായി. ജനായത്തഭരണം വന്ന് ഇത്രയേറെ വര്‍ഷം കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ ജനങ്ങളുടേതായിട്ടില്ല. അതുകൊണ്ട് ജനം ഇന്ന് ആദ്യം ചെയ്യേണ്ടത് ഭരണം ജനങ്ങളുടേതാക്കുകയാണ്. സര്‍ക്കാരുദ്യോഗസ്ഥന്‍ യജമാനനുമാകേണ്ടാ, ദാസനുമാകേണ്ടാ, ജനമായി പരിണമിക്കണം. കോടതിയിലും അധികാരസ്ഥാനത്തും കൊടുക്കുന്ന പരാതിക്ക് ന്യായമായ സമയപരിധിയില്‍ നടപടിയുണ്ടാകുന്നില്ലെങ്കില്‍ വേണ്ടത് നിയമത്തെ ധ്യാനിച്ച് ആത്മഹത്യക്കൊരുങ്ങുകയല്ല, നിയമം നിഷേധിക്കുകയുമല്ല. ജനങ്ങളുടെ ഒരു നിയമോര്‍ജക്കമ്മറ്റി നിയമം അനുസരിച്ച് നടപടിയെടുത്ത് നിയമം നടപ്പില്‍ വരുത്തുകയാണ് ചെയ്യേണ്ടത്. ഓരോ കോടതിക്കും നിഴലുപോലെ ഒരു ജനകീയ നിയമോര്‍ജിതക്കമ്മറ്റി വേണം.


 


തെറ്റായ നിയമമാണ് നിലനില്ക്കുന്നതെങ്കില്‍ എന്തുചെയ്യണം?

ആകെ ജനതയുടെ നാലില്‍മൂന്നു ഭാഗം വോട്ടുചെയ്ത് അധികാരത്തില്‍ വരുത്തിയിട്ടില്ലാത്ത ഭരണകക്ഷിക്കോ നിയമസഭയ്‌ക്കോ നിയമനിര്‍മാണം ചെയ്യാന്‍ അധികാരമില്ലെന്ന് ഭരണഗടനയില്‍ തിരുത്തല്‍ വരുത്തണം. തെറ്റായ നിയമത്തിനെതിരെ റഫറണ്ടം നടത്തി അവയെ അസാധുവാക്കണം. ജനവും ജീവനക്കാരും തമ്മില്‍ ഒരു വിടവും ഇല്ലാതെ വരുമ്പോഴേ ഭരണം ജനകീയമാവുകയുള്ളു.


NB


ഈ നിര്‍ദേശങ്ങള്‍ സിംപോസിയത്തില്‍ ചര്‍ച്ചചെയ്ത് ഒരു പ്രായോഗികപരിപാടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Comments