ഗുരു!
സ്‌നേഹമനർഗളമാക്കുവാനാകാത്ത
ലോകസമസ്യയെൻ നോവലിൻ നോവെന്നു-
മേകസമസ്യയതെന്നുമോതും പ്രിയ
സ്‌നേഹിതാ സ്‌നേഹം കവിതപോൽ നിന്നിലൂ-
ടെന്നും ഒഴുകിടാൻ ലോകത്തെയെന്തിനും
നിത്യം പഴിക്കാതെ നിന്നുള്ളിലുള്ള നിൻ
ആർദ്രഭാവത്തിന്നുറവ കണ്ടെത്തുക!
ഉള്ളിലെ ഉള്ളിയാം സ്‌നേഹം മുളയ്ക്കുവാൻ
നിൻ കുടുംബത്തിന്റെ ഉള്ളിൽ നട്ടീടണം
നിൻ കുടുംബാംഗങ്ങളെപ്പോലെതന്നെ നീ
നിന്നയൽകാരെയും കണ്ടു സ്‌നേഹിക്കണം!
ഉള്ളിൽ പുറത്തിന്റെ ബിംബമേയുള്ളെന്നു-
മുള്ളിത്തൊലിക്കുള്ളിലില്ല നാമ്പെന്നുമാർ
ചൊന്നു? ഞാൻ ഉള്ളിതൻ ഗന്ധമെന്നോണമു-
ള്ളൊന്നതിൽ സത്യമായുണ്ടെന്നു കാണ്മവൻ!
മണ്ണിളക്കേണ്ട, വേരെങ്ങനെയാം പടർ-
ന്നുള്ളിതൻ കാമ്പു നാമ്പാക്കി മാറ്റുന്നതാ-
യുള്ളിലെ കൺകളാൽ കണ്ടറിഞ്ഞല്ലൊ ഞാൻ!
ആയതിന്നാണെഴുത്തെന്നിലും നിന്നിലും
ആയിരം കൺകളിൽ കണ്ണീർ സ്രവിപ്പിക്കു-
മാർദ്രഭാവം, നീയറിഞ്ഞീടുകൻപനു-
കമ്പയാകാനരുൾ നല്കുകിൽ നീ ഗുരു!
Comments
Post a Comment