അടിയിടം


ഇവിടെ യുദ്ധമില്ലല്ലോ; നിസ്സംഗം

കവിതമൂളാം,എനിക്കാരുമില്ല

അവിടിറാക്കില്‍, കുവൈറ്റിലും, പക്ഷേ, 

ഇവിടെ നിന്നുള്ളിലേക്കൊന്നു നോക്കൂ:


''എവിടെ യുദ്ധം തുടങ്ങിയെന്നോര്‍ക്കൂ 

ഇവിടെ നിന്നുള്ളിലേക്കൊന്നു നോക്കൂ!''


ഇവിടെ ഞാനെന്‍ സുഖം മാത്രമല്ലോ

കവിതയില്‍പ്പോലുമാഗ്രഹിക്കുന്നു!


''എവിടെയാം സുഖം?  നിന്നുള്ളിലല്ലോ

കവിതപോലെയാനന്ദവും; പക്ഷേ,

എവിടെയോ തെറ്റി; എങ്ങെന്നു തേടൂ

കവിതയില്‍പ്പോലുമുണ്ടു യുദ്ധാര്‍ഥം!''


കവിത യുദ്ധാര്‍ഥമെന്നോ? കവിക്കി-

ന്നിവിടെ നിസ്സംഗഭാവമാണല്ലോ!


''അറിയണം നിന്റെ നിസ്സംഗഭാവം

നെറിവുകെട്ടതായ്ത്തീര്‍ന്നിരിക്കുന്നു!''


പണവുമാധിപത്യങ്ങളും ചെയ്യും 

പടയില്‍  ഞാനേതു പക്ഷത്തു നില്ക്കാന്‍?


''മനുജപക്ഷത്തുതന്നെ; യുദ്ധങ്ങള്‍

ഇവിടെയാര്‍ക്കന്തു നന്മ ചെയ്യുന്നു?


ചെറിയൊരിച്ചോദ്യമൊന്നു ചോദിക്കൂ;

ഹൃദയശാന്തിയാം ലക്ഷ്യമെന്നോര്‍ക്കൂ!

''അതിനു യുദ്ധം, പണാധിപത്യങ്ങള്‍,

സുഗമജീവനോപാധികള്‍ പോലും

ഇവിടെയാവശ്യമില്ല; വിശ്രാന്തിയ്ക്കി-

ന്നിവിടെയിന്നെന്നതോര്‍ക്കുവാന്‍ ചൊല്ലൂ!''


ഗഗനയാത്രയ്ക്കു പക്ഷങ്ങള്‍ വേണം

സുഗമയാത്രയ്ക്കു വായുവും വേണം!


ഗഗനചാരി മിസൈലു; മില്ലല്ലോ

ഗഗനയാത്രയ്ക്കവയ്ക്കു പക്ഷങ്ങള്‍!


''അവയയപ്പവര്‍ക്കുണ്ടു പക്ഷങ്ങള്‍; 

ഇവിടെ നാമായുധങ്ങളല്ലോര്‍ക്കൂ!!''


Comments

  1. നമ്മുടെ യുദ്ധഭീതിയും വിഹ്വലതകളും പകര്‍ത്തുന്ന നല്ല കവിത.

    ReplyDelete

Post a Comment