അന്നധന്യത


ജോസാന്റണി

ഗുരു നിത്യചൈതന്യയതിയുടെ പ്രചോദനത്തില്‍ എഴുതിയതാണ് ഈ കവിത 


അന്നമെന്നും ധാന്യമെന്നും 

രണ്ടു വാക്കുകളുള്ളതില്‍

ധന്യതാലയഭാവമായ് 'ധന'-

മെന്നു ഗുരു യതിയരുളവെ

'അന്നധന്യത'യെന്നയോഗമ-

തെന്നിലായ് മുളപൊട്ടി,യി-

'ന്നന്നധന്യത'യെന്നതിന്‍ പൊരുള്‍ 

കണ്ടറിഞ്ഞരുളാനരുള്‍!


അന്നമിങ്ങു വിശപ്പടങ്ങവെ-

യേകിടുന്നതു ധന്യത!

അന്നമേകവെയും നമുക്കു

ലഭിച്ചിടും ധനധന്യത!

ധന്യഭാവം ചാരിതാര്‍ഥ്യമൊ-

ടൊത്തു'മതി'യെന്നുള്ളൊരാ

തോന്നലുംകൂടിങ്ങുണര്‍ന്നു-

വരുമ്പൊഴുള്ളൊരു ഭാവമാം!


അന്യരല്ലിവിടാരുമെന്നറി-

യിച്ചിടുന്നൊരു ധന്യത!

അന്നമെന്നതു ബ്രഹ്‌മമാ,ണതു

പ്രാണനായ്, മനമായുമീ

എന്നെയറിവിലുണര്‍ത്തിയാന-

ന്ദാമൃതം പകരും പൊരുള്‍!

അന്നമൊക്കെയടങ്ങിടും പൊരു-

ളിങ്ങു നല്ലതു, ചീത്തയും

അന്നമെന്നതില്‍, നാം വിവേകമൊ-

ടുള്ളടക്കുക, ധന്യരായ്!


Comments