മാര്‍ഗദര്‍ശനം

 ഒരു കൊടുമുടിയുടെയടിയില്‍ക്കൂ-

ടിരു പടയണി തുള്ളി നടപ്പൂ!

ഇരുദിശകളിലെങ്കിലുമെപ്പൊഴു-

മൊരു വഴിയേ ഉഴറിനടപ്പൂ

കരപംക്തികളുയരുന്നൂക്കില്‍!

നുരപതയുകയല്ലോ വാക്കില്‍

സിരകളിലോ ചോരയുമതുപോല്‍

നുരയുംപടിയാണൊഴുകുന്നു!


കൊടുമുടിയുടെയുത്തുംഗതയില്‍

പടകള്‍വിട്ടേറിയ ചിലരാം.

അവരവിടെയിരുന്നരുളുന്നു:

''ഇവിടേക്കു വരൂ ജനപഥമേ

ഭ്രമമാണീ പിന്തുടരല്‍വഴി

ഭ്രമണത്തില്‍പെടുവാന്‍ കാര്യം!''


ഒരു ഭ്രമണപഥത്തില്‍ത്തന്നെ

ഇരു ദിശകളിലായി ഗമിപ്പോര്‍

ഇരുകൂട്ടരുമൊരുപോല്‍ നിത്യവു-

മിരുവട്ടം തമ്മില്‍ കാണ്മു!


ഇടയിടെയിരു പടകളുമങ്ങി-

ങ്ങടിപിടി കൂടുന്നു, വഴിയുടെ

ഗതിയെച്ചൊ; ന്നതു കണ്ടല്ലോ

മുടിയില്‍നിന്നൊരുവനിറങ്ങി!


അവനൊരു പടയണിയുടെ മുമ്പേ

കയറിനടന്നഭിമുഖമങ്ങേ

പടവന്നൊരു നേരം മറ്റൊരു

ഗതിനോക്കി നടന്നുതുടങ്ങി!

പുതുവഴിയില്‍ മുള്ളുകള്‍, കുറ്റി-

ച്ചെടികള്‍പാമ്പുകളും കല്ലും.

ഇതുവഴി പോക്കൊരു ഗതികേടെ-

ന്നരുളുന്നു; പലര്‍ പിരിയുന്നു!


അതിലൊട്ടും മനമുലയാതാ

മലയേറിയിറങ്ങിയണഞ്ഞോന്‍ 

പറയുന്നു: ''പഴയ വഴിക്കും 

ദിശകളിലും കുറെ നാള്‍ കൂടി

ഭ്രമണമിവര്‍ തുടരും നാമതി-

ലതിയായ് ഖേദിക്കുക വേണ്ട!

 

പുതുവഴിയേ പോകുന്നവരേ

മലമുകളില്‍ ചെല്ലുകയുള്ളു.

പുതുമനമോടല്ലാതങ്ങോ-

ട്ടൊരു പുതുവഴി വെട്ടാന്‍ വയ്യ.

പുതുവഴി വെട്ടീടാനധികം

പൊതുജനമുണ്ടാവുകയില്ല.

ഇതുമോര്‍ത്തൊരു മനമൊടെ പോരൂ

മലമുകളില്‍ നാമെത്തീടും!


ഭ്രമണപഥം വിട്ടൊരു നാളില്‍

മല കയറും സകലരു, മതിനായ്

പുതുവഴി വെട്ടീടുക നമ്മള്‍!

പൊതുവഴി വെട്ടീടുക നമ്മള്‍!!


Comments