ലൈംഗികതയുടെ ശാസ്ത്രവും ധര്‍മവും

ഗുരു നിത്യചൈതന്യയതി

ചിത്രത്തില്‍ കൊടുത്തിരിക്കുന്ന അര്‍ധഗോളം ഭൂമിയുടെ പ്രതീകമാണ്. ഈ അര്‍ധഗോളത്തെ പൊതിഞ്ഞുനില്ക്കുന്നത് ആകാശമാണ്. ചൈനക്കാര്‍ അതിനെ സ്വര്‍ഗമെന്നും വിളിക്കും. ചൈനക്കാരുടെ പ്രതീകരഹസ്യമനുസരിച്ച് ഭൂമിയെ യിന്‍ എന്നും ആകാശത്തെ യാങ്ങ് എന്നുമാണ് വിളിക്കുന്നത്. അവര്‍ യാങ്ങ് എന്നു വിളിക്കുന്ന സ്വര്‍ഗത്തില്‍ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ മുതലായ ജ്യോതിര്‍ഗോളങ്ങളെ കാണുന്നുണ്ട്. താഴത്തെ ഭൂമിയില്‍ ഇരുട്ടും മുകളിലത്തെ ആകാശത്തില്‍ പ്രകാശവുമാണ്. ഈ സ്വര്‍ഗവും ഭൂമിയും പകലിനെയും രാത്രിയെയും പ്രദ്യോതിപ്പിക്കുന്നതാണ്. ഇങ്ങനെയുള്ള ഒരു പ്രപഞ്ചസംവിധാനത്തിലാണ് ജീവന്‍ വന്നുപെട്ടിരിക്കുന്നത്. ബ്രഹ്‌മാണ്ഡവും ആത്മബോധവും കലര്‍ന്ന് പിണ്ഡാണ്ഡം ജീവിക്കുവാനിടയാകുന്നത് ഇപ്രകാരമുള്ള താമസികവും തൈജസികവുമായ ഒരു സംവിധാനത്തിന്റെ ഭാഗമായാണ്. ഈ ചിത്രത്തില്‍ രണ്ടു ത്രികോണങ്ങള്‍ കാണാം. ഒന്നിന്റെ പാദം മുകളിലും ശീര്‍ഷം താഴെയുമാണ്. രണ്ടാമത്തേതിന്റെ ശീര്‍ഷം മുകളിലും പാദം താഴെയുമാണ്. ഈ ത്രികോണം പുരുഷന്റെ പ്രതീകമാണ്. അതിനാല്‍ ഓതിന് ങഅച  എന്നും മുകളില്‍ പാദവും താഴെ ശീര്‍ഷവുമുള്ള ത്രികോണത്തിന് ണഛത എന്നും പേരിടാം. ണഛത എന്ന ത്രികോണം സ്ത്രീയുടെ പ്രതീകമാണ്. ഈ മുഴുവന്‍ ചിത്രത്തെയും നാലു ചതുര്‍ഥങ്ങളായി തിരിച്ചുവച്ചിരിക്കുന്നു. അതിനായി ഒരു അനുപ്രസ്ഥാക്ഷവും (തരീീൃറശിമലേ) ഉപരിതനാക്ഷവും (ഥരീീൃറശിമലേ) ചിത്രത്തില്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍, അനുപ്രസ്ഥാക്ഷം ചിത്രത്തില്‍ കാണുന്നതുപോലെ സ്ഥൈതികം (ടമേശേര) അല്ല. കാലവും ദേശവും പിണ്ഡവും എവിടെ സന്ധിക്കുന്നോ അതനുസരിച്ച് അനുപ്രസ്ഥാക്ഷത്തിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും. നാം ജനിക്കുമ്പോള്‍മുതല്‍ വളരുന്നു. വളര്‍ച്ചയുടെ പരിസമാപ്തി മരണമാണ്. ജനനത്തിന്റെയും മരണത്തിന്റെയും ഇടയില്‍ സംഭവിക്കുന്ന മാറ്റത്തിലാണ് വൃദ്ധിയും പരിണാമവും കാണേണ്ടത്. എല്ലാ ജീവരൂപങ്ങളിലും കാണുന്ന മൂന്നവസ്ഥകള്‍ വളര്‍ച്ച പൂര്‍ണത പെരുപ്പം എന്നിവയാണ്. ജീവന്‍ പ്രായപൂര്‍ത്തി പ്രാപിക്കുന്നു. പ്രായപൂര്‍ത്തി വന്നതിനുശേഷം ഇണചേരുന്നു. ഇണചേരുന്നതില്‍നിന്ന് സ്വവര്‍ഗത്തിന്റെ പെരുപ്പം ഉണ്ടാകുന്നു. എല്ലാ വ്യക്തികളിലും പുരുഷനും സ്ത്രീയും അടങ്ങിയിരിക്കുന്നെങ്കിലും ഇവിടെ കൊടുത്തിരിക്കുന്ന പദ്ധതിയില്‍ സ്ത്രീയായി അടയാളപ്പെടുത്തിരിക്കുന്നത് പ്രകൃതിനിയമത്തെയാണ്. അത് കാലഗണനയില്‍ അമര്‍ന്നിരിക്കുന്നു. പുരുഷനായി അടയാളപ്പെടുത്തിയിരിക്കുന്നത് ലിംഗഭേദത്തില്‍ കാണുന്ന പുരുഷനെ അല്ലെങ്കിലും സാംഖ്യന്മാര്‍ പറയുന്നതുപോലെ അറിവായിട്ടും സച്ചിദാനന്ദമായിട്ടും അറിയണം.

ശങ്കരന്‍ മനുഷ്യജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട മാധുര്യങ്ങളെപ്പറ്റി പറയുന്നു. ഒന്ന്, മധുരമായ ഭാഷണം. അതില്‍ രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. പ്രേമത്തിന്റെ ഉത്തേജനമുണ്ടാകുന്നത് മധുരമായ സ്‌നേഹവാണിയില്‍നിന്നാണ്. ആദ്യത്തെ തേന്‍വാണി കുഞ്ഞിന് അമ്മയുടെ ചുണ്ടുകളില്‍നിന്നാണു കിട്ടുന്നത്. അമ്മയുടെയും കാമുകിയുടെയും ചുണ്ടുകളെയും തേനെന്നു പറയുന്നു. ഈ ജീവിതമധുവിനെ സൂചിപ്പിക്കുന്ന വീഞ്ഞുപോലെ മാദകമാണ് സംഭോഗരസം. ആ സംഭോഗരസത്തില്‍നിന്നാണ് പുത്രോത്പാദനമുണ്ടാകുന്നത്. വീഞ്ഞ് ഊര്‍ജത്തെയും പ്രതിനിധീകരിക്കുന്നു. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയില്‍ ഈ പരാമര്‍ശമുണ്ട്. ജനനംമുതല്‍ മരണംവരെ എല്ലാ കര്‍മതാത്പര്യങ്ങളും ഉണര്‍ത്തുന്നത് ദ്രാക്ഷാരസമാണ്. ഇംഗ്ലീഷില്‍പ്പോലും അതിനെ ടുശൃശ േഎന്നു വിളിക്കുന്നു. ഏതു യോനിയാണോ പുരുഷനു രത്യാനന്ദരസം നല്കുന്നത് അവിടെനിന്നുതന്നെ കുഞ്ഞു പിറക്കുന്നു. അതിനാല്‍ വീഞ്ഞ് എന്നു പറയുന്നത് പിറവിയുടെ ആദിസ്രോതസ്സായും സ്വവര്‍ഗോത്പാദനത്തിന്റെ പ്രഭവസ്ഥാനമായും കാണണം.

കാമുകീകാമുകന്മാരുടെ രതിക്രീഡയില്‍ ബാഹ്യരതിക്കുശേഷമാണ് ആന്തരരതിയുണ്ടാകുന്നത്. ബാഹ്യരതിയില്‍ ചുംബനാലിംഗനാദികളും സ്തനങ്ങളില്‍ നല്കുന്നതായ ഹസ്തരതിയും ഉള്‍പ്പെടുന്നു. പ്രസവത്തിനു മുമ്പു പാലില്ലാതിരുന്ന സ്തനങ്ങള്‍ കുഞ്ഞിന് ആദ്യപോഷണമായി വരുന്ന അമൃതംപോലെയുള്ള സ്തന്യം നല്കുമ്പോള്‍ കുഞ്ഞ് ജീവിതത്തിന്റെ ആദ്യത്തെ രസം അനുഭവിക്കുന്നു. അതേ സ്തനങ്ങളില്‍നിന്നുതന്നെയാണ് കാമുകനും ആദ്യത്തെ രതിരസമനുഭവിക്കുന്നത്. മധു, ദ്രാക്ഷാ, ക്ഷീരം എന്നിവ ജീവിതത്തിന്റെ മൂന്നു മുഖ്യമായ സാരങ്ങളെ തൊട്ടുകാണിക്കുന്നു.

ജനനംമുതല്‍ മരണംവരെ പോഷണം, കര്‍മോത്സുകത, വാക്കിന്റെ വിനിമയം എന്നിവ വേണം നാം നമ്മുടെ ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലുള്ള സ്ഥൂലപ്രപഞ്ചത്തിലെ വ്യവഹാരങ്ങള്‍മാത്രം കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ സ്ഥൂലപ്രകൃതിമാത്രമേ നാം ശ്രദ്ധിക്കുന്നുള്ളു. എന്നാല്‍ അതിന്നടിയില്‍ ആധാരമായി ഇരുന്നുകൊണ്ട് സ്ഥൂലശരീരത്തിലെയും അതിലെ സംവേദനാദി പ്രവര്‍ത്തനങ്ങളിലെയും ശുദ്ധചൈതന്യം, ബൈബിളില്‍ പറയുന്ന വചനം, പ്രകാരം ജീവനായും പ്രകാശമായും സ്ഥൂല-സൂക്ഷ്മ പദാര്‍ഥങ്ങളില്‍ക്കൂടി പരിണമിക്കുന്നു എന്നു നാം കാണുന്നില്ല. ഇതുകൊണ്ട് സ്തീപുരുഷതത്ത്വങ്ങള്‍ ഒരു നിമിഷത്തേക്കു പോലും വിഭജിക്കപ്പെടുന്നില്ല.

സ്ത്രീയും പുരുഷനും ജീവനിലായാലും സ്ഥൂലമായ പിണ്ഡാണ്ഡങ്ങളിലായാലും എവിടെ ഒന്നായി വരുന്നോ അത് ഗണിതശാസ്ത്രത്തില്‍ പറഞ്ഞുപോരുന്ന ഒരു ബിന്ദുപോലെ നിര്‍വിശേഷമാണ്. എപ്പോള്‍  ഈ ബിന്ദുസ്ഥാനത്ത് മിഥുനങ്ങള്‍ ഒന്നായിരിക്കുന്നോ അപ്പോള്‍ ആനന്ദം മാത്രമേ അനുഭവിക്കുന്നുള്ളു. സദ്രൂപപ്രധാനമായശരീരമോ ചിദ്രൂപപ്രധാനമായ ഞാന്‍ നീ എന്ന വ്യത്യാസമോ അപ്പോള്‍ അനുഭവമാകുന്നില്ല. നിരതിശയമായ ആനന്ദമേയുള്ളു. നിരതിശയം എന്നു പറയാന്‍ കാരണം അവിടെ അതിശയത്തെ ഉണ്ടാക്കുന്ന ദ്വൈതമില്ല എന്നതാണ്. 

ഇങ്ങനെയുള്ള ഒരു സഹസംബന്ധപ്രയുക്തി മനസ്സില്‍ വച്ചുകൊണ്ടാണ് ഞാന്‍ എന്റെ പ്രേമജീവിതത്തെ വിശദീകരിക്കാനും വിലയിരുത്താനും പോകുന്നത്.  

അമ്മയും കുഞ്ഞും തമ്മിലുള്ള പാരസ്പര്യം

ജീവിതത്തിലെ ആദ്യത്തെ പാരസ്പര്യം ഉണ്ടായിവരുന്നത് ജൈവികമായ ഒരാവശ്യത്തിന്റെ നിറവേറ്റലായാണ്. കുഞ്ഞില്‍ ആവശ്യമിരിക്കുന്നു. അതു നിറവേറ്റുവാനുള്ള കഴിവ് അമ്മയിലുണ്ട്. കുഞ്ഞ് ഉറക്കെ നിലവിളിച്ച് അതിന്റെ ആവശ്യം ഉദ്‌ഘോഷിക്കുന്നു. അമ്മ കാരുണ്യത്തോടെ കുഞ്ഞിനെ എടുത്ത് മുലയൂട്ടുന്നു. കുഞ്ഞിന്റെ ചുണ്ടുകളും അമ്മയുടെ മുലച്ചുണ്ടും തമ്മിലാണ് ആദ്യത്തെ പാരസ്പര്യം. ആ മുലച്ചുണ്ടുകളെ ആദ്യം ഇക്കിളിപ്പെടുത്തിയത് കുഞ്ഞിന്റെ അച്ഛനാണ്. ഇപ്പോള്‍ ആ അച്ചന്റെ മുഖരൂപമുള്ള  കുഞ്ഞ് അമ്മയുടെ മുലച്ചുണ്ടുകളെ ഇക്കിളിപ്പെടുത്തുമ്പോള്‍ സംഭോഗസമയത്തെ രത്യാനന്ദം അമ്മയുടെ ഓര്‍മയിലെത്തി ശരീരമാകെ വ്യാപിക്കുകയും കോള്‍മയിര്‍ക്കൊള്ളുകയും സ്തന്യാമൃതം കുഞ്ഞിലേക്ക് ഉറവപൊട്ടിയൊഴുകുകയും ചെയ്യുന്നു. മുലയൂട്ടുക, മുലയുണ്ണുക എന്നതു രണ്ടും ഒരേ സ്‌നേഹസന്ദര്‍ഭത്തെ ഉപയോഗിച്ചുകൊണ്ട് ജൈവപ്രാധാന്യതയുള്ള ഒരു പ്രക്രിയയായി വരുമ്പോള്‍ അത് ഇപ്പോള്‍ ഇവിടെ മാത്രം നടക്കുന്ന ഒരു സംഭവമായല്ല, ജീവിവര്‍ഗമുണ്ടായ കാലംമുതല്‍ ലോകത്തെവിടെയും  വാസനാജന്യമായി സകലജീവികളിലും ഉണ്ടായിരുന്നിട്ടുള്ള അമ്മയുടെയും കുഞ്ഞിന്റെയും സംബന്ധത്തിലെ അനിഷേധ്യമായ ഒരവസരം മാത്രമാണിത്.കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ അമ്മയുടെ ഒരു ഭാഗമായിരുന്നപ്പോള്‍ അമ്മ കഴിച്ചിരുന്ന പോഷകാംശവും പ്രാണനിലെ പ്രാണശക്തിയും കുഞ്ഞിന് യഥേഷ്ടം ലഭിച്ചിരുന്നു. കുഞ്ഞു ജനിച്ചശേഷം മുലപ്പാലില്‍ക്കൂടി പോഷണം ചെല്ലുന്നുണ്ടെങ്കിലും പ്രാണവായുവിന് കുഞ്ഞ് സ്വയം ശ്വാസോച്ഛ്വാസം ചെയ്യണം. ഇതാണ് അമ്മയുടെ ശാരീരികസത്തയില്‍നിന്ന് കുഞ്ഞിന് ആദ്യമായി അനുഭവിക്കേണ്ടിവരുന്ന വേര്‍പാട്. അമ്മ നല്കുന്ന പോഷണംകൊണ്ട് നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇന്ധനം ആവശ്യപ്പെടുമ്പോള്‍ അമ്മയ്ക്ക് അതു നല്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, അമ്മ ചുരത്തുന്ന പാലിന്റെ അളവു കുറഞ്ഞുവരികയുംചെയ്യുന്നു. അതനുസരിച്ച് അമ്മ മറ്റു പോഷകദ്രവ്യങ്ങള്‍ വെളിയില്‍നിന്നു കണ്ടെത്തി അവ തിന്നാനും കുടിക്കാനും കുഞ്ഞിനെ പ്രേരിപ്പിക്കുന്നു. അതില്‍ ഓരോ വസ്തുവും അമ്മയെ കുഞ്ഞില്‍നിന്നകറ്റുന്ന ഉപാധിയായി മാറുന്നു. ഒരുവശത്ത് അമ്മയോടുള്ള കടപ്പാടും ആശ്രയവും വര്‍ധിക്കുന്നു. മറുവശത്ത് സ്വന്തം സത്തയെ ആശ്രയിക്കേണ്ട പശ്ചാത്തലത്തിനും വ്യക്തിസത്തയ്ക്കും പ്രാധാന്യമുണ്ടാകുകയും സ്വന്തം സത്തയെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാനുള്ള ത്വര വളരുകയും ചെയ്യുന്നു. അമ്മ മുല കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ജൈവികവും മാനസികവുമായുണ്ടാകുന്ന വൈകാരികമായ ഉണര്‍വുകൊണ്ട് മുലകൊടുക്കല്‍ എന്നത് ദിവസവും നടത്തേണ്ടിവരുന്ന സ്‌നേഹജീവിതത്തിന്റെ ഒരു നിത്യപൂജപോലെ അവളുടെ ഉത്തരവാദിത്വബോധം വര്‍ധിപ്പിക്കുകയും ഒരു ലീലാവിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതുപോലെ മനസ്സു തരളിതമാകുകയും ചെയ്യുന്നു. അപ്പോള്‍ കുഞ്ഞിനെ മാറോടുചേര്‍ത്തമര്‍ത്തുന്നതും ചുംബിക്കുന്നതും കുഞ്ഞിന്റെ ഊഷ്മളത നെഞ്ചിലനുഭവിക്കുന്നതും കുഞ്ഞ് കളിപ്പാട്ടംവച്ചെന്നപോലെ കുഞ്ഞിനെ കളിപ്പാട്ടമാക്കി കളിക്കുന്നതും  അവള്‍ക്കാകര്‍ഷകമാകയാല്‍ മറ്റുള്ളവരില്‍നിന്നകന്ന് ഉള്‍വലിഞ്ഞുപോകുകയും കുഞ്ഞിനെ ഏകധനമായി കരുതി സ്‌നേഹിക്കുകയും 'കുഞ്ഞ് എന്റേത്' എന്ന ഒരു ഉടമസ്ഥതാബോധത്തിന് അവള്‍ ഉടമയാവുകയും ചെയ്യുന്നു. അമ്മ കുഞ്ഞിനെവച്ചു കളിക്കുന്നതുപോലെ കുഞ്ഞ് അമ്മയോടും കളിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞിന്റെ കളിയുടെ രസം വര്‍ധിക്കുമ്പോള്‍ മറ്റുത്തരവാദിത്വങ്ങള്‍ കൂടിയുള്ള അമ്മയെ കുഞ്ഞിനു    പൂര്‍ണമായി കിട്ടാതെവരുന്നു. അമ്മയും കുഞ്ഞുംകൂടി കളിക്കുന്നസമയത്ത് അമ്മ കുഞ്ഞിനെ ചിരിപ്പിക്കുന്നതിനുവേണ്ടി അതിന്റെ ശരീരത്തില്‍ ഇക്കിളിപ്പെടുത്താറുണ്ട്. കുഞ്ഞിന്റെ വിഹാരത്തില്‍ അതിന്റെ രണ്ടു രസങ്ങള്‍ ഒരു കൈകൊണ്ടു അമ്മയുടെ ഒരു മുല തഴുകുന്നതും അതേസമയത്തുതന്നെ മറ്റേ മുലയില്‍നിന്നു പാല്‍കുടിക്കുന്നതുമാണ്. അവര്‍ക്കിരുപേര്‍ക്കും രസകരമാണത്.  

കുഞ്ഞിനെ ഉമ്മവയ്ക്കുന്ന ചുണ്ടുകളാല്‍ ഉണ്ടാക്കുന്ന  പല മാതിരി കൂജനങ്ങള്‍കൊണ്ടും സംസാരംകൊണ്ടും താരാട്ടുകൊണ്ടും ആണ് അതിനെ ഉറക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍  കുഞ്ഞ് ഉണര്‍ന്നുകഴിഞ്ഞാല്‍ അമ്മ കുഞ്ഞിനെ ആനന്ദിപ്പിക്കാന്‍ തന്റെ ശബ്ദത്തിനു പകരം പലമാതിരി ശബ്ദങ്ങളുണ്ടാക്കുന്ന പാവകളെയും  തന്നെ കെട്ടിപ്പിടിക്കുന്നതിനുപകരം കെട്ടിപ്പിടിക്കാന്‍ നനുത്ത രോമങ്ങളുള്ള പാവകളെയും കൊടുക്കുന്നു. ഇത് അമ്മയില്‍നിന്നു കുഞ്ഞിനെ വിടര്‍ത്തിയെടുക്കുന്നതിനുള്ള ഉപായമായി മാറുന്നു. അമ്മയുടെ മുലപ്പാല്‍ ഒട്ടുംതന്നെ കുടിക്കാതെ മറ്റ് ആഹാരസാധനങ്ങള്‍കൊണ്ടു വിശപ്പടക്കാന്‍ കുഞ്ഞ് പഠിക്കുന്നതുപോലെ അമ്മയുമായി കളിക്കാതെ കളിപ്പാട്ടങ്ങളുമായി കളിക്കാന്‍ കുഞ്ഞിനു പ്രാപ്തിയുണ്ടാകുമ്പോള്‍ അമ്മ അധികം അടുക്കുന്നത് അതിന് ഇഷ്ടമില്ലാതെ വരുന്നു. അമ്മ സ്വന്തം വ്യക്തിസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാകുന്നതുപോലെ അമ്മയെ തള്ളിപ്പറയുകയും വിളയാടിത്തളരുമ്പോള്‍മാത്രം അമ്മയെ മതി എന്ന നിലയിലെത്തുകയും ചെയ്യുന്നു.     ആദ്യം അമ്മയുടെ ശബ്ദങ്ങള്‍ കുഞ്ഞ് അനുകരിക്കുന്നതു കേള്‍ക്കുമ്പോള്‍ അമ്മ അതില്‍ സന്തുഷ്ടയാവുകയും കുഞ്ഞിനെക്കൊണ്ടു കൂടുതല്‍ കൂടുതല്‍ വാക്കുകള്‍ പറയിപ്പിക്കുകയും ചെയ്യുന്നു. ഈ വിനോദം കുറെ കഴിയുമ്പോള്‍ കുഞ്ഞിനെ താന്‍ സംസാരിക്കുന്ന ഭാഷയിലെ വാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുക്കാനും വാക്കുകള്‍ ചേര്‍ത്ത് വ്യാകരണനിബദ്ധമായ വാക്യങ്ങള്‍ പറയാനും പറഞ്ഞുകൊടുത്തു തുടങ്ങുന്നതോടെ കളിയുടെ ലോകം നിയന്ത്രിതമാകുന്നു. അതിന്റെ ഒരു ബാഹ്യാവയവംപോലെ നിഷ്ഠയോടെ നടത്തേണ്ട അഭ്യാസങ്ങളുടെ പിപാടികളാരംഭിക്കുന്നു. ആദ്യം ആഹാരം, പിന്നെ വിഹാരം. അതു കഴിഞ്ഞാല്‍ കര്‍മപരിപാടികള്‍.ഇതില്‍ ദുഷ്‌കരമായി തോന്നുന്ന കര്‍മങ്ങലില്‍കൂടിവേണം, കുട്ടിയുടെ മനസ്സിന്റെയും വികാരത്തിന്റെയും ധാര്‍മികബോധത്തിന്റെയുമൊക്കെ പരിപക്വതയുണ്ടാകുവാന്‍.കാര്യങ്ങള്‍ ഇത്രത്തോളമാകുമ്പോള്‍ കുഞ്ഞിന്റെ ആഹാരവും വിഹാരവും ജീവിതത്തിലെ ചെറിയ സംഭവങ്ങളും പഠിപ്പ് മുഖ്യവിഷയവുമായിത്തീരുന്നു. അതുവരെ കുഞ്ഞിന്റെ ലോകത്ത് അമ്മയ്ക്കായിരുന്നു പ്രാധാന്യമെങ്കില്‍ ഇപ്പോള്‍ അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും കൂലികൊടുത്തു നിറുത്തിയിരിക്കുന്ന വിദഗ്ധസഹായികളും ഉണ്ട്. ഇപ്പോള്‍ കുഞ്ഞ് വ്യക്തിയായിരിക്കുന്നു. തന്റെ ചുറ്റുപാടുമുള്ള ഓരോരുത്തരോടും സ്വരലയത്തോടെ പെരുമാറാനുള്ള ഉത്തരവാദിത്വത്തോടെ ഓരോ വേഴ്ചയിലും ഉള്‍ക്കൊണ്ടിരിക്കുന്ന സുഖദുഃഖങ്ങളെ പ്പറ്റി കുഞ്ഞിനു ബോധ്യമുണ്ടാവുകയും കുഞ്ഞിനെ കാണുന്നവരില്‍ പല മൂല്യവിവേചനമുള്ള സമീപനങ്ങള്‍ പരിചയപ്പെടുകയും ചെയ്യുന്നു. കളിക്കൂട്ടുകാരോടു ചേരുമ്പോള്‍ പ്രയാസങ്ങളെ വെല്ലുവിളികളായി നേരിടാനുള്ള മനോഭാവവും പ്രധാനമായിത്തീരുന്നു. അമ്മയോടുള്ള മനോഭാവം സമാശ്വാസത്തിനായുള്ള ഒരു തിരിഞ്ഞുനോട്ടം മാത്രമായിത്തീരുന്നു. 

മൂത്ത കുഞ്ഞിനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ഒരത്യാഹിതംപോലെയാണു സംഭവിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവദിനത്തോടനുബന്ധിച്ച് വീട്ടില്‍ തിക്കും തിരക്കും ഉണ്ടാകുമ്പോള്‍മാത്രമേ അഗണ്യകോടിയിലേക്കു താന്‍ തള്ളപ്പെട്ടിരിക്കുന്നു എന്ന് കുഞ്ഞ് അറിയുന്നുള്ളു. അതുവരെ തന്നെ കൊഞ്ചിച്ചു സംസാരിച്ചിരുന്ന അമ്മയുടെ ശബ്ദത്തിനു പകരം ഇപ്പോള്‍ മാര്‍ദവംകുറഞ്ഞ വ്യക്തമായ വാക്കു കേള്‍ക്കാന്‍ കുഞ്ഞ് നിര്‍ബന്ധിതനായിത്തീരുന്നു. അമ്മ കൊഞ്ചിച്ചു പറഞ്ഞിരുന്ന വാക്കുകളില്‍ മുലച്ചുണ്ടിലെ മാധുര്യംതന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥാനത്താണ് പലപ്പോഴും ആജ്ഞാരൂപത്തില്‍ പിതാവിന്റെയോ പ്രായംചെന്ന മറ്റുള്ളവരുടെയോ കര്‍ക്കശശബ്ദം കേള്‍ക്കേണ്ടിവരുന്നത്. ഇത് കുഞ്ഞിന്റെ ശാബ്ദികപ്രപഞ്ചത്തില്‍ ആദ്യയമായുണ്ടാകുന്ന അസുഖകരമായ അനുഭവമാണ്. ഒട്ടനേകം ആപത്തുകള്‍ ഒന്നിച്ചു വരുന്ന സമയമാണിത്. തന്റെ മലമൂത്രവിസര്‍ജനങ്ങളെപ്പറ്റിയെല്ലാം ശ്രദ്ധാലുവായിരുന്ന, തനിക്കു കൃത്യമായി ആഹാരം നല്കിക്കൊണ്ടിരുന്നതോടൊപ്പം കളിക്കോപ്പുകള്‍വച്ചു കളിക്കുമായിരുന്ന അമ്മ ഇപ്പോള്‍ തനിക്ക് ഏറെക്കുറെ അപ്രാപ്യമായ ഒരു മുറിയില്‍ വേറൊരു കുഞ്ഞിനെയും അടുത്തുകിടത്തി അതിനെ ലാളിക്കുന്നു. തനിക്കു വിശന്നാല്‍ കരഞ്ഞും വിളിച്ചും ശബ്ദം കൂട്ടണം. തനിക്കു കളിക്കോപ്പുകള്‍ തരാന്‍ മറന്നാല്‍ തന്റെ സങ്കടം ആരോടുണര്‍ത്തിക്കണം. മലമൂത്രവിസര്‍ജനശേഷം ശൗചം നല്കിയും വസ്ത്രം മാറിയും ശുശ്രൂഷനല്കാന്‍ മറ്റുള്ളവര്‍ മറന്നുപോകയോ താമസിപ്പിക്കുകയോ ചെയ്യുന്നു. അമ്മ കുഞ്ഞിനു വസ്തുക്കളുടെ പേരു പറഞ്ഞുകൊടുത്തിരുന്നപ്പോള്‍ കണ്ണുകൊണ്ടു കാണുന്ന വസ്തുവിന്റെ പേരിനു തുല്യമായ രൂപവൃത്തി ഉണ്ടാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ പ്രായമായവര്‍ കുഞ്ഞിനെ വളരെ ഇരുണ്ട ഒരു തലത്തിലേക്ക് തള്ളിക്കളയുന്നു. വസ്തുക്കള്‍ക്കു പകരം വസ്തുക്കളുടെ പേരുകള്‍ അക്ഷരങ്ങളിലാക്കി എഴുതി വരമഴിയിലുള്ള പേരുകളോട് യാതൊരു സാദൃശ്യവുമില്ലാത്ത ബന്ധമുണ്ടാക്കാന്‍ പറയുമ്പോള്‍ വിഷയത്തെ പ്രതിഭയോടു ബന്ധിപ്പിക്കാന്‍ കഴിയാതെ കുഞ്ഞ് കുഴഞ്ഞുപോകുന്നു. ഇവിടെ കുഞ്ഞ് ഒറ്റയ്ക്കു വേണം പ്രായംചെല്ലുന്നവര്‍ പറയുന്ന വാക്കുകളോടു സാദൃശ്യമുള്ള പ്രതിഭകളെ ആവിഷ്‌കരിക്കാന്‍. അക്ഷരം - ഉച്ചാരണം രൂപീകരിച്ചെടുക്കേണ്ട പ്രതിഭ -       എപ്രകാരം വിഷയത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്ന ഒരു കണ്ടെത്തലില്‍ കുഞ്ഞിനെ സഹായിക്കുന്നതിനു പകരം യാന്ത്രികമായി തികച്ചും വ്യത്യസ്തമായ രൂപാകാരവൃത്തികളെയും നാമാകാരവൃത്തികളെയും കൊച്ചുകുഞ്ഞിന്റെ മനസ്സില്‍ അവന്റെ സ്വന്തം ശക്തികൊണ്ട് ഇണക്കിവയ്ക്കാനാണ് കാര്യമറിയാത്ത പ്രായംചെന്നവര്‍ കുഞ്ഞിനെ നിര്‍ബന്ധിക്കുന്നത്. ആദ്യമെല്ലാം വ്യക്തമായ രൂപങ്ങളും രൂപങ്ങളെ പ്രതിനിധീകരിക്കുന്ന ശബ്ദങ്ങളും ഉണ്ടായിരുന്നപ്പോള്‍ ലോകം ഏറെക്കുറെ സ്പഷ്ടമായിരുന്നെങ്കില്‍ ഇപ്പോള്‍ എണ്ണമറ്റ പ്രതിഭകളെ ഉള്‍ക്കൊള്ളേണ്ടിവരുമ്പോള്‍ സ്പഷ്ടമായ രൂപങ്ങളുടെയിടയില്‍ ശബ്ദപ്രതീതികള്‍ ധാരാളമായി കുഞ്ഞിന്റെ ബോധത്തില്‍ വന്നു നിറയുന്നു. നേരത്തെ അമ്മ വ്യക്തമായി പറഞ്ഞിരുന്ന നിര്‍ദേശങ്ങളുടെയും വിലക്കുകളുടെയും സ്ഥാനത്ത്    ഇപ്പോള്‍ ഒട്ടേറെയാളുകള്‍ 'പാടില്ല, പാടില്ല' എന്നു ശഠിക്കാന്‍ തുടങ്ങുന്നതോടെ ഈ ലോകത്തിനു വ്യവസഥയോ തീരുമാനമോ ഇല്ലെന്ന് അവനു തോന്നിത്തുടങ്ങുന്നു.

ഇതേ കാലത്ത് മലമൂത്രവിസര്‍ജനകാര്യങ്ങളില്‍ യാന്ത്രികമായ പരിപാടികള്‍ നിര്‍ദേശിക്കുകയാല്‍ ഇഷ്ടംപോലെ മലമൂത്രവിസര്‍ജനം ചെയ്യാന്‍ പ്രായംചെന്നവരുടെ ശുചിത്വബോധം അനുവദിക്കായ്കയാല്‍ ഉണ്ടാകുന്ന ഞരമ്പുമുറുക്കങ്ങള്‍ ഭാവിയില്‍ വരേണ്ട മനോരോഗത്തിന്റെ ഒന്നാമത്തെ കാരണത്തെ കുഞ്ഞിന്റെ മലദ്വാരത്തിലും മൂത്രനാളത്തിലും നിക്ഷേപിക്കുന്നു. സംശയത്തിന്റെയും ഭീതിയുടെയും അസ്പഷ്ടതയുടെയും ലോകത്തിലേക്ക് കൂടുതല്‍ കൂടുതലായി കുഞ്ഞ് ഇറങ്ങിച്ചെല്ലേണ്ടതായി വരുമ്പോള്‍ ആന്തരികമായ രചനയില്‍ സങ്കീര്‍ണത കുറഞ്ഞ കുഞ്ഞുങ്ങള്‍ വെളിയില്‍നിന്നു ലഭിക്കുന്ന കല്പനകളെ (ഠജഞ) യാന്ത്രികമായി സ്വീകരിച്ച് താത്കാലികമായി സന്തോഷിപ്പിച്ച് പ്രയാസങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പഠിക്കുന്നു. എന്നാല്‍ കൂടുതല്‍ ധനാത്മകമായ അന്തസ്സത്തയുള്ള കുഞ്ഞുങ്ങള്‍ സ്വന്തം വ്യക്തിത്വരചന ബോധപൂര്‍വം നടത്താന്‍ തയ്യാറാകുന്നതുപോലെ അവരുടെ സ്വന്തം സമയമെടുത്ത് വ്യക്തവും സ്പഷ്ടവുമായ സാര്‍ഥചിത്രങ്ങള്‍ ഉള്ളില്‍ രൂപംകൊള്ളുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറായി അന്തര്‍മുഖത വര്‍ധിപ്പിക്കുന്നു. അങ്ങനെ മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ത്തന്നെ അവനില്‍ വ്യക്തിത്വരൂപീകരണം ഉണ്ടാക്കുന്ന രണ്ടു മാതൃകകള്‍ നമുക്ക് കാണാന്‍ കഴിയും. ഒന്ന് ഉപരിപ്ലവമായ മനസ്സിന്റെ ഉടമയെ ഉണ്ടാക്കുന്ന ബഹിര്‍മുഖമായ വ്യക്തിത്വരചനാരീതി. മറ്റേത് ആത്മാവിന്റെ പ്രകാശത്തെയും ബോധത്തിന്റെ ആഴത്തിലെ സ്വാത്മസത്തയെയും സമാഹിതമാക്കിക്കൊണ്ടു വളരുന്ന അന്തര്‍മുഖമായ വ്യക്തിത്വത്തിന്റെ മാതൃക. 

കുട്ടികള്‍ ഈ പ്രായമെത്തുമ്പോഴേക്കും അവരുടെ ജിജ്ഞാസ തീപിടിച്ചതുപോലെ, എല്ലാറ്റിന്റെയും രഹസ്യങ്ങളറിയാന്‍ അമിതമായ താത്പര്യം ഉണ്ടാകുന്നു. പ്രായംചെന്നവര്‍ ചിലതെല്ലാം മറയ്ക്കുന്നത് എന്തിനെന്നു ചിന്തിക്കുമ്പോള്‍ ഓര്‍മവരുന്നത് എപ്പോഴും ശരീരത്തില്‍ മറച്ചുവച്ചിരിക്കുന്ന ഗുഹ്യപ്രദേശമാണ്. തൊട്ട് അവിടത്തെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രായംചെന്നവര്‍ താക്കീതു നല്കുന്നു. ആണും പെണ്ണും തമ്മിലൊരു വ്യത്യാസമുണ്ടെന്നു മനസ്സിലാക്കുന്ന നിരപരാധിയായ കുഞ്ഞ് എന്താണതെന്ന് അച്ഛനോടോ അമ്മയോടോ ചോദിച്ചാല്‍ അവരുടെ മുഖം വിവര്‍ണമാകുന്നു. കുഞ്ഞ് ഏതോ മഹാപരാധം ചെയ്തതുപോലെ തള്ളിനീക്കപ്പെടുന്നു. തന്റെ ആപത്തുകള്‍ക്കിടയാക്കിയ രണ്ടാമത്തെ കുഞ്ഞ് എവിടെനിന്ന് എങ്ങനെ വന്നു എന്ന് അവര്‍ക്കറിയണം. അമ്മയുടെ ഉള്ളില്‍നിന്നു വന്നു എന്നു പറഞ്ഞാല്‍ സ്വന്തം കൈപ്പത്തി മടക്കി വായില്‍ കയറ്റി നോക്കുന്നു. കുഞ്ഞിന് ഒരു തുമ്പും കിട്ടുന്നില്ല. ആ അവസരത്തില്‍ അവനു കിട്ടുന്ന ഗുരുനാഥന്‍ ഏതു കുട്ടിയുടെ കൂടെ സഹകരിക്കരുതെന്നു മാതാപിതാക്കള്‍ വിലക്കുന്നോ ആ കുട്ടി സത്യം വെളിപ്പെടുത്തിക്കൊടുക്കുന്ന അനുഭവജ്ഞനാണെന്നു കുട്ടി തീരുമാനിക്കുന്നു. മറച്ചുവച്ചിരിക്കുന്ന രഹസ്യങ്ങള്‍, പ്രായംചെന്നവര്‍ ചീത്തക്കുട്ടികള്‍ എന്നു വിലക്കിയിരിക്കുന്നവരില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അറിഞ്ഞുതുടങ്ങുന്നതോടെ മാതാപിതാക്കളിലുള്ള വിശ്വാസം നശിക്കുകയും വിലക്കപ്പെട്ടവര്‍ മറമാറ്റി കാണിക്കുന്ന രഹസ്യങ്ങളില്‍ അസാധാരണമായ ആകര്‍ഷണം ഉണ്ടാവുകയും ചെയ്യുന്നു.

വാക്കുകള്‍ക്ക് മനുഷ്യമനസ്സില്‍ ഏതെല്ലാംതരത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പ്രായം ചെന്നവര്‍ അറിയുന്നില്ല. ഒട്ടനേകം ഭാഷാശബ്ദങ്ങളെ പ്രാകൃതമെന്നും അശ്ലീലമെന്നും മുതിര്‍ന്നവരുടെ മുമ്പില്‍ പറയാന്‍ പാടില്ലാത്തവയെന്നും പറഞ്ഞ് അധോലോകത്തിലേക്ക് എറിഞ്ഞുകളയുമ്പോള്‍ അവ പിശാചുക്കളെപ്പോലെ ആയിത്തീരുന്നു.അധോലോകത്തിലേക്ക് ചെകുത്താനായെണ്ണി എറിഞ്ഞുകളഞ്ഞ വാക്കുകളുടെ പിന്നാലെ അത്യാര്‍ത്തിയോടുകൂടി കുഞ്ഞുങ്ങള്‍ ഊളിയിട്ടുചെന്ന് അവയെ എങ്ങനെയെങ്കിലും മനസ്സിലാക്കാന്‍ ചീത്തക്കുട്ടികളുടെ സഹായം തേടുമ്പോള്‍ ആ ഗുരുക്കന്മാര്‍ പ്രത്യക്ഷജ്ഞാനാനുഭവം ഉണ്ടാക്കിക്കൊടുക്കാന്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ മറ മാറ്റി ഒളിച്ചുവച്ചിരിക്കുന്ന ശരീരഭാഗം കാണിച്ചുകൊടുക്കുന്നു. തുടര്‍ന്ന് അവിടെ എന്തെല്ലാം തരത്തിലുള്ള ആനന്ദവിഷയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നും കാണിച്ചുകൊടുക്കുന്നു. ഒരു സ്ഥലം പ്രായംചെന്നവര്‍ക്കു സ്വീകാര്യമായ, സൂര്യപ്രകാശത്തില്‍ ജീവിക്കേണ്ടതായ, സ്ഥലം. മറ്റൊന്ന് അത്യന്തം രഹസ്യമായി കടന്നുചെല്ലേണ്ടുന്ന  ഗോപ്യമായ സ്ഥലം. അഴിടെ ഏറ്റവും സഹായകമായത് ഇരുട്ടാണ്. ഇരുട്ടിന്റെ ലോകത്തുവച്ചു കേള്‍ക്കുന്നതും പറയുന്നതും ചെയ്യുന്നതും വെളിച്ചത്തിന്റെ ലോകത്തുവച്ചോര്‍മിച്ചാല്‍ കുറ്റബോധംകൊണ്ട് മനസ്സ് നടുങ്ങിപ്പോകുന്നു. അതേസമയം പ്രായംചെന്നവരുമായി ബന്ധപ്പെടുമ്പോള്‍ അഭിനയിക്കുകമാത്രമാണ്. വീണ്ടും രണ്ടു ലോകങ്ങള്‍. ഒരാള്‍ ഏകാകിയായി ജീവിക്കുന്ന സത്യസന്ധമായ  ലോകവും അവന്‍ സമൂഹത്തിന്റെ മുമ്പില്‍ അഭിനയിച്ചു കാണിക്കുന്ന അര്‍ധസത്യത്തിന്റെ അഭിനയലോകവും. അങ്ങനെ  ഒരു കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ സ്‌കിസോഫ്രേനിയാ എന്ന മഹാരോഗത്തിന്റെ അറകള്‍ ചിന്താവിഹീനരുടെ സമുദായം കയറ്റിവച്ചു കൊടുക്കുന്നുണ്ട്. 

മസ്തിഷ്‌കത്തിലെ ഹൈപ്പോത്തലാമസ് എന്ന ഭാഗവും സ്വാധിഷ്ഠാനത്തില്‍ സ്ഥിതിചെയ്യുന്ന ലൈംഗികഗ്രന്ഥികളും നോക്കുമ്പോള്‍ ശരീരത്തിന്റെ രണ്ടു കോടികളിലിരുന്നുകൊണ്ട് പിറ്റിയൂട്ടറി, തൈറോയ്ഡ്, പാരാതൈറോയ്ഡ്, അഡ്രിനല്‍ മുതലായ ഗ്രന്ഥികളെയെല്ലാം ഉദ്ദീപിപ്പിച്ചുകൊണ്ട് വൈകാരികപ്രാധാന്യമുള്ള അനിച്ഛാകരമായ പ്രവൃത്തികള്‍ എപ്രകാരം ഉണ്ടാകുന്നു എന്നു മനസ്സിലാക്കിയാല്‍ നമ്മുടെ ചേഷ്ടകളില്‍ 80 ശതമാനമെങ്കിലും അബോധതലത്തിലാണ് രൂപംകൊള്ളുന്നതെന്നു കാണാം. ഹൈപ്പോത്തലാമസും ലിംബിക് സിസ്റ്റവും ചേര്‍ന്ന് ശരീരത്തിലെ മുഖ്യമായ #െല്ലാ അവയവങ്ങളിലെയും ജീവോര്‍ജരാസങ്ങളെ ഞൊടിയിടയില്‍ ഭേദപ്പെടുത്തിക്കൊണ്ട് ഓരോരോ പെരുമാറ്റങ്ങള്‍ക്കുള്ള ഉദ്ദീപനങ്ങളെയും പ്രേരണയെയും അബോധത്തില്‍നിന്ന് ബോധതലത്തിലേക്കു സംക്രമിപ്പിച്ചു കൊണ്ടുവന്നതിനുശേഷമേ താന്‍ എന്താണ് പറയാനോ ചെയ്യാനോ പോകുന്നതെന്ന് വ്യക്തിക്ക് ഏതാണ്ട് പിടികിട്ടുകയുള്ളു. എന്നാല്‍ ആ ബോധത്തെ സ്വന്തം നിയന്ത്രണത്തിലാക്കാന്‍  ആവശ്യകമായ അറിവും അവന്റെ സാമൂഹികമായ പരിചയവും പരിശീലനവും അന്തഃക്ഷോഭത്തെ കഴിയുന്നത്ര നിയന്ത്രിച്ചുകൊണ്ട് ശരീരത്തില്‍ ഉണര്‍ന്നുവന്ന രാസോര്‍ജങ്ങളെ ഏതാണ്ട് സമതുലിതമാക്കത്തക്കവണ്ണം മറുകുറിയ്ക്കുള്ള രാസോര്‍ജപ്രക്രിയകളുണ്ടാക്കാന്‍ സമര്‍ഥമായ ചില എന്‍സൈമുകളെ ഉണ്ടാക്കുന്നുണ്ടെന്നു വേണം നാം മനസ്സിലാക്കുവാന്‍.

വൈകാരികമായ എല്ലാ ഉത്തേജനങ്ങളും  ഹൈപ്പോത്തലാമസ്സില്‍നിന്ന് ഉണ്ടാകുന്നതാണെങ്കിലും  ജൈവികമായ പ്രേരണകള്‍ സാമൂഹികമായ നന്മയ്ക്കു വിഘാതമായിവരുന്നു. ബോധതലത്തില്‍ പ്രതീതി ഉളവാകുന്നപക്ഷം ഹൈപ്പോത്തലാമസിനുതന്നെ ശാരീരികമായ ചയാപചയക്രിയകളെ തിരുത്താനും ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍പോരുന്ന ചില എന്‍സൈമുകളെ അയച്ച് ശാരീരികവും മാനസികവുമായ സമതുലനം വീണ്ടെടുക്കാനും കഴിയും. ആകുലത, ക്രോധം, അന്തഃക്ഷോഭം, ദുഃഖം മുതലായ വികാരങ്ങള്‍ പെട്ടെന്നുണര്‍ന്ന് ഉള്ളില്‍ സംഘര്‍ഷം ഉണ്ടാക്കാതിരിക്കുന്നതിന് ബോധാബോധങ്ങളെ ഇണക്കാന്‍ കഴിയുന്ന ഒരത്ഭുതപ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഇവിടെയാണ് നാം ജൈവികതയെയും സാമൂഹികതയെയും തമ്മില്‍ അടരാടുന്നതും സഹകരിക്കുന്നതുമായ രണ്ടു വിരുദ്ധശക്തികളായി കാണേണ്ടത്. ആ വൈരുധ്യംകൊണ്ട് നാഡീസംബന്ധമായും ബോധസംബന്ധ മായും ഉള്ള ക്ഷോഭം നിലനില്ക്കുമ്പോള്‍ നാം ന്യൂറോസിസിനും സൈക്കോസിസിനും വിധേയരായിരിക്കുന്നു എന്നു പറയാം. എന്നാല്‍ ആ അനുഭവങ്ങളിലൂടെ ബോധാബോധങ്ങളുടെ ഒരു സംസ്‌കരണപ്രക്രിയ നടക്കുന്നുണ്ട്. ഇതിന്റെ വെളിച്ചത്തില്‍വേണം, മനുഷ്യനിലെ ഏറ്റവും പ്രാകൃതമായ രതിവൈകൃതം മുതല്‍ ഏറ്റവും ഉദാത്തമായ രസാനുഭവം വരെ കാണുവാന്‍.

അനേകലക്ഷം വര്‍ഷങ്ങളായി മനുഷ്യജീവിതത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു ബോധപ്രപഞ്ചത്തെ ആവിഷ്‌കരിക്കാന്‍ മനുഷ്യന്റെ ധാര്‍മികവും സാംസ്‌കാരികവും ആധ്യാത്മികവുമായ അറിവിനു കഴിഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ വ്യക്തിജീവിതം ആ  ബോധതലത്തിലാണ് ജീവിച്ചുപോരുന്നത്  അവിടെ മനുഷ്യന്‍ ജീവിച്ചിട്ടുള്ള നൈതികവും സാമൂഹികവും സാംസ്‌കാരികവുമായ കീഴ്‌വഴക്കങ്ങള്‍, നിബന്ധനകള്‍, നിയമങ്ങള്‍, മൂല്യവിവക്ഷകള്‍ ഇവ വ്യക്തിജീവിതത്തില്‍ എത്ര അരോചകമായി തോന്നിയാലും അതിനെയൊന്നിനെയും മനുഷ്യനു തിരുത്താനോ തള്ളിക്കളയാനോ ശ്രമപ്പെടാതെ ആവുകയില്ല. മനുഷ്യന്റെ സംസ്‌കാരം ഉരുത്തിരിഞ്ഞു വരുന്നതിനു ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ജൈവപ്രവാഹം തുടങ്ങിയതാണ്. അതുകൊണ്ട് അതിന്റെ ഗതീയതയെ മനുഷ്യന്റെ സൗകര്യത്തിനോ ഉദാത്തതയ്‌ക്കോ വേണ്ടി പെട്ടെന്നു തടഞ്ഞുനിറുത്താനാവില്ല. ഇങ്ങനെ രണ്ടു    ശക്തമായ പോരാട്ടത്തിന്റെയും സമന്വയത്തിന്റെയും ഇടയ്ക്കു വേണം പ്രാകൃതികമായ ജൈവപ്രകൃതികള്‍.   പ്രാകൃതികമായ ജൈവപ്രക്രിയകള്‍ അനിച്ഛാകരമാണെങ്കിലും മനുഷ്യബോധത്തിനു ചിന്തിച്ചെത്താനാവാത്ത മേഖലകളെ കണ്ടറിഞ്ഞതുപോലെയാണ് അവ. ഉദാഹരണത്തിന് ഒരു തേനീച്ചക്കൂട്ടില്‍ മുഖ്യയായ ഒരു റാണി ഉണ്ടായിരിക്കുമ്പോള്‍ വേറൊരു റാണി ഉണ്ടായാല്‍ അവളുടെ ഉത്പാദനശക്തിയെ നിയന്ത്രിക്കുന്ന രാസങ്ങള്‍ അവളില്‍നിന്നുതന്നെ ഉണ്ടായി ആ കൂട്ടില്‍ ഒരെതിരാളിയെ ഇല്ലാതാക്കുന്നു. ചിതല്‍പ്പുറ്റുകളുടെയിടയ്ക്കും ഇങ്ങനെതന്നെ പ്രകൃതി തടയുന്നുണ്ട്. മനുഷ്യനില്‍പ്പോലും ത ക്രോമസോമും ഥ ക്രോമസോമും സ്ത്രീ-പുരുഷ വ്യത്യാസത്തെ ഉണ്ടാക്കത്തക്കവിധം സംഭവിപ്പിക്കുമ്പോള്‍ ക്രോമസോം ഉണ്ടാക്കുന്ന ന്യൂനതകൊണ്ട് ആകെ മനുഷ്യസമുദായം എടുത്തുനോക്കുമ്പോള്‍ സ്‌ത്രൈണവും പൗരുഷവുമായ ശക്തികളുടെ സമതുലനം ഏതാണ്ടു തുടര്‍ന്നുപോകുന്നു. അതുകൊണ്ട് ആധുനിക സോഷ്യോബയോളജിസ്റ്റുകളുടെ അഭിപ്രായം സാമൂഹികതയുടെ അടിസ്ഥാനം ലൈംഗികതയല്ലെന്നാണ്. ലൈംഗികതയുണ്ടായിരുന്നിട്ടും മനുഷ്യരെപ്പോലെയുള്ള ജീവികള്‍ നിലനില്ക്കുന്നത് ഒരു വിരോധാഭാസമായിട്ടാണ് അവര്‍  കാണുന്നത്.

പ്രജോത്പത്തിയില്‍ക്കൂടിയാണ് വ്യക്തി ഭൗതികവും ജൈവികവുമായി തന്റെ അമരത്വം സാക്ഷാത്കരിക്കുന്നത്. പ്രജോത്പാദനത്തില്‍ക്കൂടിയാണ് വംശവര്‍ധനവുണ്ടാകുന്നതും ഒരു ജീവിവര്‍ഗം അനേകായിരം തലമുറകളില്‍ക്കൂടി കടന്നുപോകുന്നതും. ഒരു വര്‍ഗത്തിന്റെ അംശമായിരിക്കുന്നത് സാമൂഹികതയും ഛേദമായിരിക്കുന്നത് വ്യക്തിയുമാണ്. അതുകൊണ്ട് ജൈവ-രാസോര്‍ജപരമായിട്ടുള്ള എല്ലാ പ്രക്രിയകളും സംഭവിക്കുന്നത് ഛേദമായിട്ടുള്ള വ്യക്തിയിലും അതു ചരിത്രസംഭവമായി പ്രസിദ്ധി ലഭിക്കുന്നത് സാമൂഹികമായ പ്രക്രിയയിലുമാണ്. അതുകൊണ്ട് ഓരോ വ്യക്തിയിലും വ്യക്തികള്‍ സര്‍വപ്രധാനമായിരിക്കുന്നതും സമൂഹത്തിന് ഒഴിവാക്കാന്‍ വയ്യാത്തതുമായ രണ്ടു പ്രക്രിയകള്‍ നിഹിതമായിരിക്കുന്നു. രണ്ടിനെയും ഭരിക്കുന്നതു വാസനയാണ്. തന്മൂലം വ്യക്തിയുടെ നൈസര്‍ഗികമായ വികാരങ്ങളെയും ചേഷ്ടകളെയും വ്യാഖ്യാനിക്കേണ്ടിവരുമ്പോള്‍ ശാസ്ത്രജ്ഞര്‍പോലും സന്ദിഗ്ധബുദ്ധിയുള്ളവരായിത്തീരും. ലൈംഗികവാസനയിലെ ഒരു പ്രധാന ഇനമായി പറഞ്ഞുപോരുന്നത്  സ്വന്തം ഉണ്മയെപ്പറ്റിയുള്ള പരസ്യപ്രചരണമാണ്. എന്നാല്‍ ഒരാള്‍ക്ക് സമൂഹത്തിന്റെ  ഭാഗമായിരിക്കുമ്പോള്‍ സമൂഹത്തിന്റെ അംഗീകാരം ലഭിക്കണം. താന്‍ ജീവിക്കുന്ന സമുദായത്തിലെ ഒട്ടനവധി ആളുകള്‍ തന്റെ ഉണ്മയെപ്പറ്റിയും അതിലെ ഗുണഗണങ്ങളെപ്പറ്റിയും അറിഞ്ഞു വാഴ്ത്തിയും സമൂഹത്തിന്റെ അംഗീകാരം ലഭിക്കാനായി വ്യക്തി സ്വയം പരസ്യപ്പെടുത്തണം. അതുകൊണ്ട് ഒരാള്‍ തന്നെ പരസ്യപ്പെടുത്തുന്നത് ലൈംഗികമായ ആവശ്യത്തിനാണ് എന്നു പറയുന്നത് ശരിയായിരിക്കില്ല. അത് പൂര്‍ണമായും അസത്യമായിരിക്കണമെന്നുമില്ല. ജീവിതസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മത്സരങ്ങളില്‍ക്കൂടി മുന്നേറേണ്ടത് സാമൂഹികജീവിതത്തില്‍ അത്യാവശ്യമായിരിക്കയാല്‍ ഒരുവന്റെ കഴിവുമാത്രം കാണിച്ചല്ല, പലപ്പോഴും അവിഹിതമാര്‍ഗങ്ങളിലും കപടനാട്യങ്ങളിലും കൂടിയും ബഹുജനശ്രദ്ധയെ ആകര്‍ഷിച്ചെന്നിരിക്കും. എന്നാല്‍ അതെല്ലാം ലൈംഗികമായി ഒരിണയെ ഒരിണയെ സ്വാധീനിക്കാന്‍ മാത്രമാണെന്നു വ്യാഖ്യാനിച്ചാല്‍ അതു ശരിയല്ല. എന്നാല്‍ പുരുഷനു സ്ത്രീയുടെയും സ്ത്രീക്കു പുരുഷന്റെയും വശീകരണനോട്ടം ഇല്ലാതില്ല. സമൂഹത്തിന്റെ അംഗീകാരംപോലെ താന്‍ #്ടുപ്പം പ്രതീക്ഷിക്കുന്ന പുരുഷനില്‍ / സ്ത്രീയില്‍ മോഹം വളര്‍ത്താനുള്ള ചില പരസ്യപ്രചരണങ്ങളും അവര്‍ ചെയ്യാതിരിക്കില്ല. ഇങ്ങനെയാണ് ഒരേ വ്യക്തിയില്‍ത്തന്നെ വൈയക്തികമായ ഒരു പ്രബലഭാവം ഉള്ളതുപോലെതന്നെ സാമൂഹികപ്രസക്തിയുള്ള വേറൊരു വികാസംകൂടി ഉണ്ടായിവരുന്നു. ജൈവികമായ ആവശ്യങ്ങളെ ഒരു ശരീരിയില്‍ ആദ്യം ബന്ധപ്പെടുത്തുന്നത് അനിച്ഛാകരമായ പ്രവര്‍ത്തനങ്ങളിലാണ്. ശാരീരികമായ ആവശ്യങ്ങളുടെ നിറവേറലിനുവേണ്ടി കോട്ടുവായിടുക. തുമ്മുക, ചുമയ്ക്കുക, ചൊറിയുക -ഇതെല്ലാം ഉദാഹരണം. അനിച്ഛാകരമായ പ്രവൃത്തികളെ നടത്തുന്ന സോപാധികമായ ചേഷ്ടകള്‍ക്കു കഴിയുന്നതു കൊണ്ട് അവയെപ്പറ്റി മനുഷ്യന്‍ അധികം ചിന്തിക്കാറില്ല. എന്നാല്‍ അപാനവായു നിര്‍ഗമിക്കേണ്ട സമയത്ത് മാന്യസദസ്സിലാണെങ്കില്‍ അതിനെ സ്വേച്ഛയ്ക്കു വിധേയമാക്കേണ്ടതാണ്. കന്നുകാലികള്‍, കുരങ്ങന്മാര്‍, നായ്്ക്കള്‍ മുതലായ ജീവികളില്‍ ലൈംഗികാസക്തി വന്നാല്‍ അവ  അതിന്റെ സദാചാരത്തെപ്പറ്റി ചിന്തിച്ച് അധികം സമയം കളയുകയില്ല; കാര്യം വേഗം നടപ്പാക്കും. അതില്‍ ശുനകവര്‍ഗത്തിനാണെങ്കില്‍ ശുനകന്‍ അക്രമിയെപ്പോലെ പെരുമാറുമ്പോള്‍ ശുനകി വിനയത്തോടെ വഴങ്ങിക്കൊടുക്കുന്നു. കോഴിയുടെ കാര്യവും അങ്ങനെതന്നെ. എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ ലൈംഗികാസക്തിയെ മറ്റു ജൈവപ്രധാനമായ ആവശ്യങ്ങളെപ്പോലെ കണക്കാക്കാന്‍ പ്രയാസമാണ്. മലമൂത്ര വിസര്‍ജനം ചെയ്യേണ്ട ആവശ്യം മനുഷ്യനുണ്ടായാല്‍ അവനത് ദീര്‍ഘനേരത്തേക്കു തടഞ്ഞുനിറുത്താനാവില്ല. എന്നാലും പക്ഷിമൃഗാദികളെപ്പോലെ അവന്/അവള്‍ക്ക് ഇഷ്ടംപോലെ അതു നിര്‍വഹിക്കാനാവില്ല. സാമൂഹ്യസമ്മതിയുള്ള ഒരിടത്തുതന്നെ അവന്‍/അവള്‍  പോകണം.

എവിടെ മനുഷ്യന്റെ ലൈംഗികാവശ്യത്തിന്റെ നിറവേറല്‍ തേടാന്‍ അവന്‍/അവള്‍ തുടങ്ങുന്നോ അവിടെ മനുഷ്യവര്‍ഗം സഹസ്രാബ്ദങ്ങളായി ഉണ്ടാക്കി നിലനിര്‍ത്തുന്ന കുത്തകാവകാശം എന്ന സ്ഥാപനം അവനെ ഭരിക്കാന്‍ വരുന്നു. അതില്ലായിരുന്നെങ്കില്‍ പുരുഷനായാലും സ്ത്രീയായാലും അവരുടെ ലൈംഗികാവശ്യം നിറവേറ്റുന്നതിന് ഏതെങ്കിലും വ്യക്തിയെ കിട്ടിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇവിടെ ഈ ആവശ്യത്തിന്റെ നിര്‍വഹണത്തിന് അവന്‍ കുത്തകഉടമ്പടിയില്‍ ഒപ്പുവയ്ക്കണം. തനിക്ക് അധികാരപ്പെടുത്തി കിട്ടിയിട്ടുള്ള ആളുമായേ താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ. എന്ന് സമൂഹത്തില്‍ വ്യവസഥചെയ്തിരിക്കുന്നു. മലമൂത്ര വിസര്‍ജനങ്ങള്‍ അഴുക്കുചാലിലൂടെ ഒഴുകി ഭൂഗര്‍ഭത്തിലോ കടലിലോ പോയ്‌ക്കൊള്ളും. എന്നാല്‍ ലൈംഗികമായ ദാഹം തീര്‍ന്നുകഴിയുമ്പോള്‍ വേറൊരു ജീവികൂടി ഭൂമിയില്‍ വരാനിടയുണ്ട്. അതു വേണോ വേണ്ടയോ എന്നു സമൂഹം തീരുമാനിക്കണം. കുട്ടി വ്യക്തിയുടേതാണെങ്കിലും ആ കുട്ടി സമൂഹത്തിന്റേതാകാന്‍പോകയാണ്. 

ലൈംഗികസംഘര്‍ഷത്തില്‍നിന്ന് വ്യക്തിക്കു മോചനംനല്കാന്‍ സ്ത്രീപുരുഷസംഭോഗം അത്യാവശ്യമാണ്. അതു തടയാന്‍ കഴിയുകയില്ല. എന്നാല്‍ സംഘര്‍ഷത്തില്‍നിന്നുള്ള മോചനം സംഭോഗാനന്തരം പുരുഷനു ലഭിക്കുമെങ്കിലും സ്ത്രീ ചിലപ്പോള്‍ അതിന്റെ ജീവന്‍തന്നെ കൊടുത്ത് നേടേണ്ടിവരും. 8-9 മാസം ഗര്‍ഭിണിയായിക്കഴിഞ്ഞ് എന്നത് പ്രസവിച്ചതിനുശേഷം ഒരു കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വൈകാരികമായും സാമൂഹികമായും അവള്‍ വിധേയയായിത്തീരുകയാണ്. 

അങ്ങനെ മനുഷ്യവര്‍ഗത്തിന്റെ ഒരു പകുതിക്കു ബാധകമായിത്തീരുന്ന സംഭോഗത്തെ നിരുത്തരവാദപരമായി സമൂഹത്തിന് നോക്കിക്കാണാനാവില്ല. അതിനാല്‍ ലൈംഗികാസക്തിയോടെ പരസ്പരം പ്രാപിക്കാന്‍ ശ്രമിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക് പ്രായംചെന്നവര്‍ വൈവാഹികം ഏര്‍പ്പാടുചെയ്യുന്നു. 

വ്യക്തികള്‍ രഹസ്യമായി ചെയ്യേണ്ടതാണു മൈഥുനമെങ്കിലും നാട്ടിലെ പ്രമാണിമാരെല്ലാം ചേര്‍ന്നിരുന്ന് അതിന് പരസ്യസമ്മതി നല്കുന്നതിന്റെ പേരാണ് വിവാഹം. അതോടെ അവനും കുത്തകക്കാരനായി. വിവാഹിതയാകുന്നതോടെ സ്ത്രീ ചാരിത്ര്യവതിയായിരുന്നുകൊള്ളാം എന്നു പൊതുജനങ്ങളുടെ മുമ്പില്‍ പ്രതിജ്ഞചെയ്യുകയാണ്. ഈ കുത്തകയേര്‍പ്പാടോടുകൂടി രണ്ടു വ്യക്തികളുടെ ഇടയിലുണ്ടാകുന്ന പാരസ്പര്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടുവേണം ഒരു കുടുംബം രൂപംകൊള്ളാന്‍. കുട്ടികളുണ്ടായി കുടുംബമായിത്തീരുമ്പോള്‍ അങ്ങനെയുള്ള കുടുംബങ്ങളാണ് സമൂഹത്തിന്റെ അധിഷ്ഠാനമായിത്തീരുന്നത്. സ്ത്രീക്കു ചാരിത്ര്യമുണ്ടായിരിക്കുന്നതുപോലെ പുരുഷനും ചാരിത്രവാനായിരിക്കണമെങ്കിലും അവനു ഗര്‍ഭധാരണം ഉണ്ടാകാത്തതുകൊണ്ട് അവന്റെ തെറ്റ് വേഗം കണ്ടുപിടിക്കപ്പെടുന്നില്ല. 

കുടുംബജീവിതത്തില്‍വച്ച് ഓരോ വ്യക്തിക്കും അയാളുടെ സ്‌നേഹത്തിനെ സമഷ്ടി താത്പര്യത്തിലേക്കു വികസിപ്പിക്കുന്നതിനുള്ള പരിശീലനം കിട്ടുന്നു. കുടുംബത്തില്‍ഭര്‍ത്താവ് പിതാവായി, പിതാമഹനായി, അമ്മാവനായി, സ്യാലനായി ഒക്കെ മാറും അതുപോലെ ഭാര്യ, മാതാവും മാതാമഹിയും അമ്മായിയും ഒക്കെയാവുന്നു. മക്കള്‍ സഹോദരനും സഹോദരിയും. അങ്ങനെ പല ബന്ധുത്വസ്ഥാനങ്ങളും ഒരു കുടുംബത്തില്‍ ഉണ്ടായിരിക്കുമ്പോള്‍ ലൈംഗികമായ അടുപ്പം ഭാര്യക്കും ഭര്‍ത്താവിനുംമാത്രം വിധിച്ചിരിക്കുകയാല്‍ കുടുംബത്തിലെ ഇതരബന്ധുക്കളോട് ഉണ്ടായിരിക്കേണ്ട ബന്ധങ്ങള്‍ക്ക് പല നിറങ്ങളും രുചികളും സമൂഹം കൊടുക്കുന്നു. ഇതു ലംഘിച്ചാല്‍ മതം അതിനെ പാപമെന്നു വിളിക്കുന്നു. കുടുംബത്തിലുള്ളവരുടെ വ്യക്തിബന്ധങ്ങളില്‍ ലൈംഗികത വിഹിതകരമല്ല എന്നു സമൂഹം വിധിച്ചിരിക്കുന്നിടത്ത് അത്തരം ബന്ധങ്ങളുണ്ടായാല്‍ സമൂഹം അവയെ അവിഹിതമെന്നും മതം അവയെ പാപമെന്നും എണ്ണുന്നു. മതം കൊണ്ടുവരുന്ന ഈ സദാചാര നൈതികതയ്ക്ക് നിയമം സാധുത നല്കുകയും അവിഹിത ലൈംഗികബന്ധങ്ങള്‍ക്കു ദണ്ഡനം നല്കുകയും ചെയ്യുന്നു. ലൈംഗികബന്ധങ്ങളില്‍ ഏതു സദാചാരം, ഏതു ദുരാചാരം എന്ന് ഓരോരോ പ്രദേശങ്ങളില്‍ സമൂഹങ്ങള്‍ നിശ്ചയിച്ചുവച്ചിരിക്കുന്നത് സൗകര്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് ഒരു പ്രദേശത്തുള്ളവര്‍ പാപം എന്നെണ്ണുന്നത് മറ്റൊരു പ്രദേശത്തുള്ളവര്‍ അഭികാമ്യമായ പുണ്യമെന്നെണ്ണുന്നു. കേരളത്തില്‍ മാതാവിന്റെ സഹോദരിയുടെ മകള്‍ സഹോദരിയാണ്. അവളെ വിവാഹം കഴിക്കാന്‍ പാടില്ല. പിതാവിന്റെ സഹോദരിയുടെ മകള്‍ മുറപ്പെണ്ണാണ്. അവളെ കല്യാണം കഴിക്കാം, കല്യാണം കഴിക്കണം. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സഹോദരിയുടെ മകളെ കല്യാണം കഴിക്കണം മലയാളിക്കവള്‍ സ്വന്തം മകളെപ്പോലെയാണ്. അറബികളുടെയിടയില്‍ സഹോദരന്മാരുടെ പുത്രീപുത്രന്മാര്‍ക്ക് അന്യോന്യം വിവാഹം കഴിക്കാം. അത് മറ്റുള്ളവര്‍ക്ക് മഹാപാപമായിട്ടേ തോന്നുകയുള്ളു. പുഷ്പിതയായതിനുസേഷം, ലൈംഗികമായ പ്രായപൂര്‍ത്തി വന്നതിനുശേഷം ഒരു സ്ത്രീക്കോ പുരുഷനോ സംഭോഗത്തിലൂടെ ലൈംഗികസംഘര്‍ഷം തീര്‍ക്കാന്‍ ഒരു വിവാഹംവരെ കാത്തിരിക്കാമെങ്കില്‍ അയാള്‍ക്ക് ഈ കാത്തിരിപ്പ് തന്റെ മരണംവരെ നീട്ടാം. ഇത്ര അവ്യവസ്ഥിതമായ വ്യവസ്ഥകളോടു ബന്ധപ്പെടുന്നതിനു പകരം എന്നെപ്പോലെ ചിലര്‍ ചെയ്യാനാഗ്രഹിക്കുന്നത് ഈ മാതിരി പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളാക്കാതെ തന്നില്‍വന്നുകൂടുന്ന ലൈംഗികോര്‍ജത്തിനു സുന്ദരമായ ഭാവാന്തരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ ആ വഴി തേടി ജീവിതത്തെ ഉദാത്തീകരിക്കാന്‍ ശ്രമിക്കുകയാണ്. 


Comments