ശിഷ്യാര്‍ഥന

നിത്യചൈതന്യതി നടരാജഗുരുവിന്നര്‍പ്പിച്ച 
കൃതജ്ഞതാഞ്ജലി(Prayerful Supplications)) യുടെ സ്വതന്ത്ര പരിഭാഷ
(നിത്യചൈതന്യഗുരുവിനുള്ള എന്റെഗാനാഞ്ജലി - 1980) 
ഒന്ന്
ആശ്വാസദായകം നിന്റെയാത്മാവൊരു
നീലത്തടാകംപോല്‍ ശാന്തം!
നിന്റെ പ്രേമാര്‍ദ്രമാം ശ്രദ്ധതന്നാഴത്തില്‍
നിന്നു നുരഞ്ഞുയര്‍ന്നീടും
നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ നിത്യവും
നിര്‍വൃതിയേകിടുന്നല്ലോ!
ഇന്നിന്റെ ശക്തിയില്‍ ധീരവിശ്വാസവും
നാളെയിലോ മഹാപ്രത്യാശയും
മൊട്ടിട്ടിടുന്ന നിന്‍ മൗനസ്മിതത്തിന്‍
രഹസ്യമേ ഞാന്‍ പഠിക്കേണ്ടൂ!

രണ്ട്
ഒരുമുല്ലപ്പൂമൊട്ടിനുചേര്‍ന്നൊരു
മൃദുലതപോല്‍ നിന്‍ രൂപം!
പതംവരുത്തിയൊരിരുമ്പുസ്പ്രിങ്ങിന്‍
കടുപ്പമെങ്ങനെ നിന്നില്‍? 
സ്വര്‍ഗോന്മുഖമാം നിന്‍ദൃഷ്ടികളില്‍
സ്വപ്‌നമതേ ഞാന്‍ കാണ്മൂ!
ചരിപ്പതെങ്ങനെ യുക്തിയിലുറച്ച 
കടുത്ത മണ്ണൂടേ നീ?
പരുഷം ജീവിതയാഥാര്‍ഥ്യങ്ങള്‍
ഉദാത്തമാം മഴവില്ലിന്‍
ഭംഗിയുമായിട്ടിണക്കിടും നിന്‍
ശക്തിയെനിക്കും പകരൂ!
(തുടരും)

മൂന്ന്
നിന്‍മാതൃഭൂമിയില്‍നിന്നുമിങ്ങെത്രയും
ദൂരെയാണെങ്കിലും സ്വന്തം
വീടിന്റെയുമ്മറക്കട്ടിലില്‍ എന്നപോല്‍
നീ ശ്വസിക്കുന്നനായാസം!
ഭാഷയും നീതിയും വ്യത്യസ്തരാമന്യ-
രീ ജനകോടികള്‍ക്കായും
നിന്‍ ശുഭാശംസകള്‍ നീയേകിടുന്നു നിന്‍
സ്ന്തബന്ധുക്കളോടോണം!
മറ്റൊരാളിന്റെയാത്മാവില്‍ ജനിക്കുവാന്‍
ഇത്രയ്ക്കനായാസമാകാന്‍
ദിവ്യരില്‍ക്കാണും മഹത്വമാണല്ലൊ ഞാന്‍
നിന്നില്‍നിന്നും പഠിക്കേണ്ടൂ!

നാല്
ഉന്നതങ്ങളിലാദരത്തിന്‍
സ്ഥാനമേകീടുന്നെനിക്കായ് നീ
എന്റെ പാദം വിശ്രമിക്കുമിടങ്ങളില്‍ 
നിന്‍ ശ്രദ്ധയായ് പൊന്‍ 
പരവതാനി വിരിച്ചിടുന്നു
എന്നെയെങ്ങനെ മധുരമൃദുലമൊ-
രൊറ്റനോട്ടം കൊണ്ടു
നിര്‍മലനാക്കിടുന്നൂ നീ?
ജ്ഞാനവചനമെങ്ങനെന്നുടെ
ചൊടികളില്‍ നീ നിന്റെ മൗനം
കൊണ്ടുപകരുന്നു?
നിന്റെ വിനയത്തിന്‍ മനോഹര-
മായ പുരികക്കൊടിയിലേറ്റം
സൗഖ്യമോടെയിരുന്നിടും തവ-
മൗനശക്തിയതല്ലയോ ഞാന്‍
നിന്നില്‍നിന്നിനിയും പഠിക്കേണ്ടൂ!

അഞ്ച്
നീ പ്രശംസിക്കപ്പെടുമ്പോള്‍
ഇല്ല, നിന്‍ കണ്ണില്‍ത്തിളക്കം!
നിന്നെ കുറ്റപ്പെടുത്തുമ്പോള്‍
ഇല്ല നിന്‍ കവിളില്‍ കാര്‍മേഘം!!

ഞാനെന്റെ ഹൃദയം തുറന്നാല്‍
നീ നിന്നിലേക്കാഴ്ന്നിടുന്നു!
ഞാന്‍ സ്വസ്ഥനായിരിക്കുമ്പോള്‍
നീയെന്റെ സേവകനെപ്പോല്‍!!

താവകോദാരസാമീപ്യം 
മാത്രമാലാരുമേ വീഴാ-
തെന്നുമേ കാത്തിടുന്നോരാ
സ്വച്ഛനൈസര്‍ഗികത്വത്താല്‍
എന്നഹം മായ്ക്കും രഹസ്യം
നിന്നില്‍നിന്നും പഠിക്കേണം!

ആറ്
വിശ്വാസഘാതിയാം ക്രൂരതതന്‍
താഴ്വരയാം ലോകമെങ്കിലും നീ
അത്ഭുതത്താല്‍ വിടര്‍ന്നോരു കണ്ണാല്‍
മധുരമാം നിന്‍ നിഷ്‌കളങ്കതതന്‍
പരവതതാനിവിരിച്ചേയലഞ്ഞു!

ഇല്ലാ സുരക്ഷയെന്നോര്‍ത്തുകൊണ്ടേ
വീരരാമധികാരിവൃന്ദങ്ങളും
പേടിയാലേ വിറച്ചേ കഴിയെ

നീയുറങ്ങുന്നു നിന്‍ ലളിതമാമാ
വിശ്വാസമാം സുഖശയ്യയില്‍ ഹാ!

നിന്നില്‍നി്ന്നും പഠിച്ചീടണം നിന്‍
സസ്‌നേഹ 'പൂര്‍ണവിശ്വാസ'മര്‍മം!

ഏഴ്
പ്രേമാഗ്നിതന്‍ തീവ്രമാം ജ്വാലകള്‍
ആളിടുമെന്‍ ഹൃദയാംബരത്തില്‍
പെട്ടെന്നു ചുഴലിക്കാറ്റായടിപ്പൂ
തീക്ഷ്ണവിദ്വേഷം! കെടുന്നു പ്രേമം!!

എന്റെ വൈകാരിക ദ്വൈതഭാവം
കണ്ടതില്ലെന്നപോല്‍ ശാന്തനായ് നീ
സര്‍വവൈരുധ്യങ്ങളും കളിക്കും
വിശ്വരൂപത്തില്‍ ശയിച്ചിടുന്നു!

നിന്നില്‍നിന്നും പഠിക്കേണമെന്താ-
ണാസമചിത്തതതന്‍ രഹസ്യം!

എട്ട് 
മാറാതെ സര്‍വതും മാറ്റിടുന്നോന്‍
സര്‍വതും കാണ്മോരദൃശ്യനീശന്‍
സൃഷ്ട്യുന്മുഖക്രിയയെല്ലാറ്റിലും
ദൈവം വഴങ്ങിത്തരുന്നോനല്ലോ!

നീ മാറാതെന്നെ മാറ്റീടുവോനെ-
ന്നാകിലുമെന്‍ മാനസം പിണച്ചും
കൂട്ടിപ്പിരിച്ചും ബലംനല്കുവോന്‍!
എന്‍ വന്യസ്വപ്നങ്ങളോടു ചേരാന്‍
എന്‍ഭാവനയ്ക്കദൃശ്യം വെളിച്ചം
വീശുവോന്‍ ജീവസൗരഭ്യമല്പം
ഞാന്‍ശ്വസിച്ചീടുവാന്‍ കാര്യമായോന്‍!!

എങ്ങെങ്ങനായിരുന്നീടുമ്പൊഴും
വിഘ്‌നങ്ങളെ മടുക്കാതിരിക്കാന്‍ 
നിന്നില്‍നിന്നും പഠിക്കേണമല്ലോ!

ഒമ്പത്
മധുപനിതേവരെ ചുംബിക്കാത്തൊരു
പുതുപൂവല്ലോ നീ!
മനുജനിതേവരെ പാടാന്‍ കഴിയാ-
ത്തൊരുഗാനവുമാം നീ!
എന്നാത്മാവിന്‍ കറകള്‍ കഴുകും
ഈശ്വരമന്തം നീ!
സ്വര്‍ഗസുഖത്തിന്‍ ഹര്‍ഷോന്മാദം
പകരും സിംഫണി നീ!

ആശ്ലേഷിക്കില്ലെന്റെ കരങ്ങള്‍
ഇന്ദുവിനെ,യതുപോല്‍
പ്രഭാതഹിമകണമൊന്നിനെയും ഞാന്‍
ചുംബിക്കയുമില്ല!

എനിക്കു നിന്നെ എന്‍ സ്വപ്‌നങ്ങളി-
ലെന്നും കാണാനും
നിത്യതതന്‍സ്വരമാധുര്യത്തെ-
പ്പോല്‍ പ്രേമിക്കാനും
കഴിഞ്ഞിടില്‍ ഞാന്‍ കൃതാര്‍ഥനായ്! ഞാന്‍
കൊതിപ്പതില്ലധികം!

ചെളിയില്‍ക്കാലുകള്‍ പുതഞ്ഞിടാതീ
ഭൂവില്‍ ചരിച്ചിടും
രഹസ്യമത്രേയെനിക്കു നിന്നില്‍-
നിന്നറിയാന്‍മോഹം!

പത്ത് 
മൃദുലതയെക്കാള്‍മൃദുലം നീയെ-
ന്നാകിലുമെന്‍ ഹൃദയം
മുറിയാനും നിണമൊഴുകാനും നീ-
തന്നെ കാരണവും!
എന്‍പ്രേമതീര്‍ഥയാത്രയ്ക്കിടയ്ക്കല്പം
നിന്നന്തര്‍ഗേഹത്തില്‍
ക്ഷീണിതനായ് ഞാന്‍ശയിക്കവെ കണ്ടു:
നീ മൂകനായിരിക്കുന്നു!
ദയനീയമാംവിധം ചിന്താക്രാന്തനായ്
നീയങ്ങിരിപ്പതു കാണ്‍കെ
സംഭ്രാന്തനായി ഞാന്‍ 
അപ്പോള്‍  കളഞ്ഞുപോയ്് 
എന്‍ നര്‍മബോധമങ്ങെങ്ങോ!

നിന്നനുകമ്പയില്ലാത്ത മൗനത്തിന്റെ
രൂപമുറഞ്ഞതേ കാണാ-
നാവാവിധത്തിലെന്മാനസത്തില്‍ നിറ-
ഞ്ഞാകെ ദയാര്‍ദ്രമാം ശോകം!

വിരസമാമെന്‍ ഹൃദയത്തിലാവര്‍ത്തിപ്പ-
തായി ഞാന്‍ കേട്ടൊരേ ചോദ്യം:
മൂകമാമെന്റെയേകാന്തതതന്‍ ശവ-
മഞ്ചത്തില്‍ നിത്യം ശയിക്കാന്‍
നീ വിധിക്കപ്പെടാനെന്തേ? വിടര്‍ന്നോരു
നിന്‍ മാന്ത്രികസ്മിതത്തില്‍ നിന്‍
ഉത്തരം കാണ്‌കെ, ഞാന്‍ ലജ്ജിതനായ്; ശിര-
സ്സങ്ങനെ നമ്രമായ്ത്തീര്‍ന്നു!

Comments