മനസ്സാക്ഷിയുടെ മുഖങ്ങള്‍
സ്വന്തം നാട്ടില്‍ത്തന്നെ വ്യാജവാറ്റു നടത്തി കുടുംബം പുലര്‍ത്തിപ്പോന്നിരുന്ന ആളായിരുന്നു മധു. അയാള്‍തന്നെ നിര്‍മിച്ചിരുന്ന, നല്ല അളവില്‍ വിറ്റുപോയിരുന്ന, ആ പ്രത്യേകവീര്യമുള്ള മദ്യം ആവശ്യക്കാര്‍ക്കുമാത്രമേ അയാള്‍ വിറ്റിരുന്നുള്ളു. താന്‍ ചെയ്യുന്നത് തെറ്റായ ഒരു പ്രവൃത്തി ആണെന്ന് അറിയാമായിരുന്ന അയാള്‍ക്ക് അതില്‍നിന്നു മാറി മറ്റൊരു തൊഴിലില്‍ ഏര്‍പ്പെടണമെന്ന വിചാരം തുടങ്ങിയിട്ടു കുറെയേറെ നാളുകള്‍ ആയി.
ആ നാട്ടിലെ അംഗീകൃത മദ്യവ്യാപാരിയായിരുന്ന ബേബിക്ക് മധു ഉണ്ടാക്കുന്ന മദ്യം വന്‍തോതില്‍വാങ്ങി അംഗീകൃത മദ്യത്തോടൊപ്പം വില്ക്കാന്‍കഴിഞ്ഞാല്‍ മധുവിനോട് മത്സരിക്കാതെതന്നെ തന്റെ ലാഭം പതിന്മടങ്ങാക്കാനാവുമല്ലോ എന്ന വിചാരത്തോടെ ആളുവിട്ട് മധുവിനെ വിളിച്ച് അയാളോടു പറഞ്ഞു:
''മധുവിന്റെ മദ്യത്തിന്റെ ഉഗ്രമായ വീര്യത്തെപ്പറ്റി ഞാനറിഞ്ഞു. അതു കൂടുതല്‍ അളവില്‍ ഉണ്ടാക്കി എനിക്കു തന്നാല്‍ ഞാന്‍ ചില്ലറയായി വിറ്റുകൊള്ളാം. മധുവിന് പോലീസിനെയും എക്‌സൈസിനെയും ഒന്നും പ്രീതിപ്പെടുത്തുകയും വേണ്ടല്ലോ.''
തന്റെ എതിരാളിയോടു താന്‍ പ്രകടിപ്പിക്കുന്ന സൗമനസ്യത്തില്‍ ബേബിക്കു വലിയ അഭിമാനം തോന്നി. എന്നാല്‍ മധുവിന് ഒട്ടും സന്തോഷം തോന്നിയില്ല. ശരിയല്ലെന്നു താന്‍ കരുതുന്ന ഒരു തൊഴിലില്‍നിന്നു സ്വയം പിന്മാറുവാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ്, ഈ പ്രലോഭനം. അയാള്‍ പറഞ്ഞു: ''ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍ ശരിയല്ലെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എത്രയും വേഗം ഇതെങ്ങനെ ഉപേക്ഷിക്കാം എന്നാണ് ഞാന്‍ ആലോചിക്കുന്നത്. മറ്റൊരു തൊഴിനി#ു വേണ്ടത്ര മൂലധനമുണ്ടാക്കിയാല്‍ ഉടന്‍തന്നെ ഞാനിതു നിറുത്തും.''
'' അതല്ല മധൂ ഞാന്‍ പറയുന്നത്. നിന്റെ ഉഗ്രവീര്യമുള്ള ഈ മദ്യം എന്റെ ഷാപ്പിലൂടെ നയമവിധേയമായി വില്ക്കുന്ന മദ്യത്തോടൊപ്പം വില്ക്കാന്‍ ഞാന്‍ സഹായിക്കാം എന്നാണ് ഞാന്‍ പറഞ്ഞത് അപ്പോള്‍ നീയെന്തിനാണ് മറ്റൊരു തൊഴിലിനെപ്പറ്റി ചിന്തിക്കുന്നത്?''
''ബേബിച്ചേട്ടാ, ഒരു ലൈസന്‍സു കിട്ടിയാല്‍ നമ്മള്‍ ചെയ്യുന്ന തെറ്റ് തെറ്റല്ലാതായിത്തീരുമോ? നമ്മള്‍ വില്ക്കുന്ന മദ്യം എത്ര കുടുംബങ്ങളെ തകര്‍ക്കുന്നുണ്ടെന്നു നോക്കിയാല്‍,ലൈസന്‍സോടടെ ബേബിച്ചേട്ടന്‍ ചെയ്യുന്നതും ലൈസന്‍സില്ലാതെ ഞാന്‍ ചെയ്യുന്നതും തമ്മിലെന്താണു വ്യത്യാസം? വിഷം ആരു വിറ്റാലും വിഷംതന്നെയല്ലേ?''
''ഞാന്‍ എത്രപേര്‍ക്കു തൊഴില്‍ നല്കുന്നുണ്ടെന്നു മധുവിനറിയാമോ? അത്രയും ആള്‍ക്കാര്‍ക്കു കുടുംബം പുലര്‍ത്താനുള്ള വരുമാനം വേറെ എവിടെനിന്നു കിട്ടും? മധുവിന്റെ മദ്യം ലൈസന്‍സുള്ള ഞാന്‍തന്നെ വിറ്റഴിച്ച് മധുവിനെ സഹായികക്കാമെന്നല്ലേ ഞാന്‍ പറയുന്നത്? മധുവിന്റെ നന്മയ്ക്കുവേണ്ടിയല്ലേ ഞാനിതു പറയുന്നത്?
''എന്റെ ഭാര്യയ്ക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ വേണ്ടിവന്നപ്പോള്‍ പെട്ടന്നു കുറെ പണമുണ്ടാക്കാന്‍ ഞാന്‍ തുടങ്ങിയ പണിയാ വ്യാജവാറ്റ്. അത് അധികകാലം തുടരരുത് എന്ന് അന്നേ ഞാന്‍ തീരുമാനിച്ചിരുന്നതാണ്. ഇനിയും അധികനാള്‍ അതു തുടരുന്നില്ല, ബേബിച്ചേട്ടാ.''
''എന്നാല്‍ നിന്റെ സാധനത്തിന്റെ ഉഗ്രവീര്യം ഉണ്ടാക്കുന്നതെങ്ങനെ എന്ന് എനിക്കു പറഞ്ഞുതരണം. അതു പറഞ്ഞുതരുന്നതിനുമാത്രം ഞാന്‍ നിനക്കു പതിനായിരം രൂപാ തരാം. പിന്നെ നീ മറ്റെന്തെങ്കിലും പണിയെടുത്തു ജീവിച്ചോളൂ.''
''വേണ്ട, ബേബിച്ചേട്ടാ, വേണ്ട. ഇനിയും ആ വിഷം ഉണ്ടാക്കിവിറ്റ് ആരെയും ഉപദ്രവിക്കരുത് എന്നാണ് എന്റെ ആഗ്രഹം.''
''ഞാന്‍ പറഞ്ഞ തുക പോരാ എന്നാണെങ്കില്‍...''
''അല്ല, ബേബിച്ചേട്ടാ, അല്ല.''
''നിന്റെ മദ്യത്തിന്റ ആ അപൂര്‍വവീര്യത്തിന്റെ രഹസ്യം എനിക്കു പറഞ്ഞുതന്നാല്‍ മാത്രം മതി മധൂ. അതിനാണ് ഞാന്‍ പതിനായിരം രൂപാ രൊക്കം തരാമെന്നു പറഞ്ഞത്.''
''അതു മാരകവിഷമാണു ബേബിച്ചേട്ടാ. ഇനിയും ആരും അത് ഉണ്ടാക്കി വില്ക്കാന്‍ പാടില്ല. അതുകൊണ്ടാണ് ആ രഹസ്യം ആര്‍ക്കും പറഞ്ഞുകൊടുക്കാനും പാടില്ല എന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.''
''എന്നാല്‍, വേണ്ട. പക്ഷേ, ഒന്നു മറക്കരുത്. ആ മദ്യം ഇനിയും എന്നെങ്കിലും ഉണ്ടാക്കി വിറ്റെന്നറിഞ്ഞാല്‍ ഞാന്‍ നിന്നെ പിറ്റേന്നുതന്നെ അകത്താക്കും.''
''ശരി, ബേബിച്ചേട്ടാ, ശരി.''
മധു വീട്ടില്‍ ചെന്നപ്പോള്‍, മകള്‍ വയറുവേദനകൊണ്ടു പുളയുന്നു. അവള്‍ക്ക് അപ്പന്‍ഡിസൈറ്റിസിന്റെ അസുഖമുള്ളതാണ്. താമസിക്കാതെതന്നെ ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ളതാണ്. മകളെ ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ളതാണ്. മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ മധു ഓര്‍മിച്ചു: ''ഒരാഴ്ചകൂടിയെങ്കിലും വ്യാജമദ്യവില്പന തുടര്‍ന്നേപറ്റൂ.''
മധു മദ്യവില്പന തുടരുന്നുണ്ട് എന്നറിഞ്ഞ ബേബി ഉടന്‍തന്നെ എക്‌സൈസില്‍ വിവരമറിയിച്ചു. മധുവിന്റെ വ്യാജമദ്യത്തിന്റെ സ്റ്റോക്കു മുഴുവന്‍ അവര്‍ പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യുംമുമ്പ് ഊരിപ്പോരാന്‍ ബേബിയെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ എന്ന് മധുവിനു ബോധ്യം വന്നു. അയാള്‍ ബേബിയെ സമീപിച്ച് തന്റെ മദ്യത്തിന്റെ വീര്യരഹസ്യം അയാള്‍ക്കു പറഞ്ഞുകൊടുത്തു. ബേബി മധുവിനു ചെയ്തുകൊടുക്കേണ്ടിയിരുന്ന സഹായങ്ങളെല്ലാം ചെയ്തുകൊടുത്തു. പറഞ്ഞിരുന്ന പ്രതിഫലവും നല്കി.
ബേബിക്ക് താന്‍ചെയ്തതൊന്നും തെറ്റായി തോന്നിയില്ല. എന്നല്ല അയാള്‍ക്കു കൃതാര്‍ഥതയേ തോന്നിയുള്ളു. അയാള്‍ അന്നു വൈകിട്ടു പ്രാര്‍ഥിച്ചതുപോലും ഇങ്ങനെയായിരുന്നു: ''കര്‍ത്താവേ, അങ്ങുപദേശിച്ച അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലൂടെ എനിക്ക് എന്റെ എതിരാളിയെ കീഴടക്കാന്‍ കഴിഞ്ഞിരിക്കുന്നു. അതിന്റെ പേരില്‍ ദൈവമേ, അങ്ങേക്കു നന്ദി!''
മധുവിന് അന്നു വൈകുന്നേരം പ്രാര്‍ഥിക്കാനേ കഴിഞ്ഞില്ല. കുറ്റബോധത്തോടെ അയാള്‍ വിചാരിച്ചു:
''ഞാന്‍ ആ വിഷവീര്യത്തിന്റെ രഹസ്യം ബേബിക്കു പറഞ്ഞുകൊടുക്കാന്‍ പാടില്ലായിരുന്നു. വിഷാംശമില്ലാത്ത ഒരു വ്യാജഫോര്‍മുല അയാള്‍ക്കു പറഞ്ഞുകൊടുത്താല്‍ മതിയായിരുന്നു. എന്റെ വിഷമദ്യം ഉണ്ടാക്കി വില്ക്കുന്നതിലൂടെ ബേബിക്ക്, എനിക്കിനി നിയന്ത്രിക്കാനാകാത്തവിധം, എത്രയോ കാലത്തേക്ക്, എത്രയെത്ര ആളുകളെ, മാറാരോഗങ്ങളിലേക്ക് നയിക്കേണ്ടിവരും എന്നറിയുന്ന ഞാന്‍ ചെയ്തതു വലിയ തെറ്റായിപ്പോയി. ദൈവം പൊറുത്താലും ലോകവും കാലവും എന്നോടു പൊറുക്കുകയില്ല. തീര്‍ച്ച.''
Comments
Post a Comment