നിങ്ങളുടെ അയല്‍ക്കാരന്‍

ജോസാന്റണി

സുഹൃത്തേ,

എന്റെ സംബോധന ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ക്ഷമിക്കണം. നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല. എന്റെ പേര് ഗിരിധരന്‍. നിങ്ങള്‍ എതിരാളിയായി കാണുന്ന നിങ്ങളുടെ ഒരയല്‍ക്കാരനുണ്ടല്ലോ. അദ്ദേഹത്തിന്റെ ഒരു സ്‌നേഹിതനാണു ഞാന്‍. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു മുഖം നിങ്ങളുടെ അയല്‍ക്കാരനുണ്ട്. അതൊന്നു കാണിച്ചു തരണം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ ന്യായങ്ങളുള്ളത് എഴുതുകയാണെങ്കില്‍ സന്തോഷം. എന്റെ വിലാസം അവസാനം കൊടുക്കാം.

ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവുമറിയാതെ അലഞ്ഞു നടന്നിരുന്ന എനിക്ക് ആ സ്‌നേഹിതനാണ് ഒരിക്കല്‍ വഴി കാട്ടിത്തന്നത്. അയല്‍ക്കാരനെ സ്‌നേഹിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാന്‍ എന്നോടു നിര്‍ദ്ദേശിച്ച അദ്ദേഹം സ്വന്തം അയല്‍ക്കാരോടു പൊരുത്തപ്പെടാന്‍ പെടുന്ന പാട് കാണാന്‍ ഈയിടെ എനിക്കിടയായി.

അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന തടസ്സങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതെന്താണെന്നോ?

''സ്വര്‍ഗത്തിലേയ്ക്കുള്ള വഴി ഇടുങ്ങിയതായിരിക്കണമല്ലൊ. എന്റെ വീട് സ്വര്‍ഗമാക്കാനാവും എന്റെ അയല്‍ക്കാര്‍ ഇങ്ങനെ ചെയ്തരിക്കുന്നത്.

ഞാന്‍ പറഞ്ഞു: ''കൊള്ളാമല്ലൊ, നല്ല അയല്‍ക്കാര്‍ തന്നെ!''

''തീര്‍ച്ചയായും. നമുക്ക് നന്മ എന്ന ഭാവത്തില്‍ പലരും ചെയ്തിരുന്ന കാര്യങ്ങള്‍ തിന്മയായും തിന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ നന്മയയും ഭവിക്കും എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.''

''ഒരു ഉദാഹരണം പറയാമോ?''

''കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും മെമ്പറാകണമെന്നും ഒക്കെ എനിക്ക് ഒരു വിചാരമുണ്ടായിരുന്നു. ആരെയും ശത്രുവായി കാണാതിരിക്കാന്‍ എനിക്കു കഴിയും. ഈ ശേഷിയിലായിരുന്നു, ഞാന്‍ വിശ്വാസമര്‍പ്പിച്ചിരുന്നത്.  ഒരു നീറിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ട്, ഒരു നീറിന്‍കൂട്ടിലെ നീറുകളെ മുഴുവന്‍ ചവിട്ടി അരച്ചു കൊല്ലേണ്ടി വന്ന സന്ന്യാസിയുടെ കഥ കേട്ടിട്ടുണ്ടോ? അദ്ദേഹത്തെ പ്പോലെയാണു ഞാന്‍ എന്ന യാഥാര്‍ത്ഥ്യ ബോധം ഉണ്ടാക്കിത്തന്നത് ഈ വഴിയുടെ പ്രശ്‌നമാണ്. ഈ വഴിപ്രശ്‌നം ഉണ്ടായതുകൊണ്ടു മാത്രമാണ്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ച് പരാജയപ്പെടാതിരുന്നത് . ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശുദ്ധഹൃദയരായ നേതാക്കളെ ജനങ്ങള്‍ക്കു വേണ്ടെന്നും് സ്വന്തം സ്വാര്‍ഥങ്ങള്‍ വഴിവിട്ടും നേടിക്കൊടുക്കുന്നവരെയാണ്, പ്രായോഗിക ബുദ്ധിവേണ്ടത്രയില്ലാത്ത ആദര്‍ശജീവികളെയല്ല, ജനങ്ങള്‍ക്കു വേണ്ടത് എന്നും തെളിയിച്ചിട്ടുണ്ടല്ലൊ. ഈ അറിവു നേടാന്‍ എനിക്ക് പ്രത്യേകം മുടക്കൊന്നും വേണ്ടിവരാതിരുന്നത് ഈ വഴിപ്രശ്‌നം ഉണ്ടായതിനാലാണ്.''

''നിങ്ങളുടെ അയല്‍ക്കാരോട് നിങ്ങള്‍ക്ക് യാതൊരു വൈരാഗ്യവും ഇല്ലെന്നാണോ?''

''വൈരാഗ്യമൊന്നുമില്ല. പക്ഷേ അവരോട് ഉള്ളു തുറന്നു സംസാരിക്കാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കുകയല്ല. അതുകൊണ്ട് കണ്ടാല്‍ മിണ്ടാറില്ല. അവരുടെ മനോഭാവമെന്തെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് അവരോട് തോന്നുന്നത് സഹതാപമാണ്.''

''സഹതാപമോ? എന്തിന്?''

''ഈ ദുഷ്ടബുദ്ധികളായ അയല്‍ക്കാരുടെ ഇടയില്‍ ഞാന്‍ കഴിയേണ്ടി വരുന്നല്ലോ എന്നോര്‍ത്ത് നിങ്ങള്‍ സഹതപിക്കുന്നില്ലേ? അവരും ഉപയോഗിക്കുന്ന ഈ വഴി ഈവിധമിട്ടിരിക്കുന്നത് അവരുടെ സങ്കുചിത മനോഭാവവും തെറ്റിദ്ധാരണകളും കൊണ്ടല്ലേ? അത് മനസ്സിലാകുന്നതുകൊണ്ടാണ് ഞാന്‍ അവരോടു സഹതപിക്കുന്നത്. എന്റെ വീട്ടില്‍ വരുന്ന ഓരോരുത്തരും അവരെപ്പറ്റി മോശമായ ഒരഭിപ്രായവും ഉള്ളില്‍ രൂപീകരിച്ചു മടങ്ങുന്നതാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ ഞാനവരോടു  സഹതപിക്കുകയല്ലേ ചെയ്യേണ്ടത്?''

''അവര്‍ നിങ്ങളോട് ഇങ്ങനെ പെരുമാറാന്‍ എന്താവും കാരണം?'' ഞാന്‍ ചോദിച്ചു.

''വഴി സൗകര്യം വര്‍ദ്ധിച്ചാല്‍ എന്റെ പുരയിടത്തിനു വില വര്‍ദ്ധിക്കും. ഞാനിവിടെ ഒറ്റപ്പെടുത്തപ്പെട്ടാല്‍ കിട്ടുന്ന വിലയ്ക്ക് ഈ സ്ഥലം വില്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. അപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഈ സ്ഥലം കരസ്ഥമാക്കാം. ഇങ്ങനെയൊരു ചിന്ത അവരുടെ പ്രവര്‍ത്തനത്തിനു പന്നിലുണ്ടാവാം.''

''അപ്പോള്‍പ്പിന്നെ സഹതപിക്കുന്നതിന് എന്തര്‍ത്ഥമാണുള്ളത്?''

''സ്വാര്‍ത്ഥ ചിന്തയും അഹന്തയും അസൂയയും ഒന്നും മനുഷ്യനു സുഖവും സംതൃപ്തിയും സമാധാനവും പകരുകയില്ല എന്ന മൗലികസത്യം ഇവര്‍ക്കറിയില്ലല്ലൊ എന്ന ഓര്‍മയിലാണ് ഞാന്‍ സഹതപിക്കുന്നത്.''

''കൊള്ളാമല്ലൊ.''

''ഞാന്‍ ഒരു ക്രിസ്ത്യാനിയാകാന്‍ ശ്രമിക്കുന്നയാളാണ്. ശത്രുവിനു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന യേശു വചനം എത്ര ആഴമുള്ളതാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു ഈ അനുഭവം എനിക്കു തന്ന ഈ അയല്‍ക്കാരോട് സഹതാപം മാത്രമല്ല, നന്ദിയും എനിക്കുണ്ട്.''

''ഇങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവാലയം കച്ചവടസ്ഥലമാക്കിയവര്‍ക്കെതിരെ ചാട്ടവാറെടുത്ത യേശുവിനെ നിങ്ങള്‍ മറക്കുകയല്ലേ?''

''ചീഞ്ഞടിയുന്ന തിന്മകളില്‍നിന്നും ആത്മീയവളര്‍ച്ചയ്ക്ക് വളം വലിച്ചെടുക്കാനാവും എന്നാണ് ഞാന്‍ പറയുന്നത്. കളകളെ വളമാക്കാന്‍ കഴിഞ്ഞാലാണ് നല്ല വിളവുണ്ടാവുക.''

''കളകള്‍ പറിക്കുകകൂടി ചെയ്താലല്ലേ, ഇതു സാധിക്കൂ?''

''വിളകളുടെ വേരുകള്‍ പറിയാത്ത വിധം കളകള്‍ പറിക്കാന്‍ കഴിയണം. ആ ശേഷി ഞാന്‍ നേടിയിട്ടില്ല. അതു കൂടി നേടാന്‍ കഴിഞ്ഞാലേ ഞാന്‍ ക്രിസ്ത്യാനി എന്നു വിളിക്കപ്പെടാന്‍ യോഗ്യനാവൂ. അതെങ്ങനെ ആവാം എന്നാണ് ഞാനിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത് . സ്വയം ആത്മശുദ്ധിയും ശക്തിയും നേടുകയാണ് ആദ്യപടി. അതിന് എല്ലാ അനുഭവങ്ങളെയും നമ്മെ ആത്മീയോല്‍ക്കര്‍ഷത്തിലേയ്ക്കു നയിക്കാന്‍ ദൈവം നല്കുന്ന അനുഗ്രഹമായി കാണാന്‍ കഴിയണം.''

പണ്ടൊരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ചോദ്യവും അദ്ദേഹം പറഞ്ഞ മറുപടിയും എനിക്ക് ഓര്‍മ വരുന്നു.

''ഇപ്പോള്‍ ഞാനെന്തു ചെയ്യണമെന്നു നിശ്ചയിക്കാന്‍ കഴിയാത്തതിനാലാണ് ഞാനിങ്ങനെ അലയുന്നത്? ഞാന്‍ എന്തു ചെയ്യണം എന്ന് ഒരു മാര്‍ഗനിര്‍ദ്ദേശം തരാന്‍ അങ്ങേക്കാവുമോ?'' ഇതായിരുന്നു എന്റെ ചോദ്യം. അദ്ദേഹം പറഞ്ഞു.

''നിങ്ങളുടെ ഈ അവധൂതജീവിതം മൂലം വലിയൊരു പൈതൃകം ലോകത്തിനു നഷ്ടപ്പെടാന്‍ പോകുന്നത് നിങ്ങള്‍ കാണുന്നില്ല. തലമുറകളായി പകര്‍ന്നു കിട്ടിയ കുറേയേറെ അറിവുകളുടെ ഉടമയാണ് നിങ്ങളുടെ പിതാവ്. പാരമ്പര്യ വൈദ്യത്തില്‍ മാറാരോഗങ്ങളെന്ന് ഇപ്പോള്‍ കരുതപ്പെടുന്ന പല രോഗങ്ങള്‍ക്കും മരുന്നുകളുണ്ടാവും. ആരോഗ്യസേവന രംഗത്ത് ഇന്നുള്ള കഴുത്തറപ്പന്‍ കച്ചവട മനോഭാവത്തിനേതിരെ ഉപയോഗിക്കാവുന്ന വലിയൊരായുധമായിരിക്കും, ആ അറിവുകളുടെ പ്രയോഗം. നിങ്ങള്‍ ഏകമകനാണ്, സന്ന്യസിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാനാവാത്ത ഒരുകാര്യമാണിത്. അവരില്‍നിന്നു നേടനാവുന്ന അറിവുകളെല്ലാം നേടുക. അര്‍ഹരായ കുറേപ്പേര്‍ക്ക് പകര്‍ന്നു കൊടുക്കാനും തയ്യാറാകുക. സാവധാനം വഴിതെളിഞ്ഞു വരും. ഗാര്‍ഹസ്ഥ്യത്തിനു ശേഷവും സന്ന്യാസമാവാം. അതാണു കൂടുതല്‍ നല്ലത്.''

നിങ്ങളുടെ അയല്ക്കാരന്റെ ആ നിര്‍ദ്ദേശപ്രകാരമാണ് ഞാനന്ന് എന്റെ വീട്ടിലേക്കു മടങ്ങിയത്. അദ്ദേഹം നിങ്ങളോടു സ്വീകരിച്ചിരിക്കുന്ന മനോഭാവം നിങ്ങള്‍ അറിയുന്നില്ല. അറിഞ്ഞാല്‍ അദ്ദേഹത്തോടിണങ്ങി നിങ്ങള്‍ക്കു നല്ല അയല്‍ക്കാരായി ജവിക്കാന്‍ കഴിഞ്ഞേക്കാം എന്ന വിചാരമാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുന്നത്. ഞാനിപ്പോള്‍ എന്റെ വീട്ടില്‍ എന്റെ മാതാപിതാക്കളോടൊപ്പമാണ്. അച്ഛന്റെ അറിവുകള്‍ അദ്ദേഹം എനിക്കു പകര്‍ന്നു തുടങ്ങിയിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ അടുത്തു വരുന്ന രോഗികളെ നാഡി പിടിച്ചു രോഗനിര്‍ണയം നടത്തുന്നത് വലിയ കാര്യമായി എനിക്കു തോന്നിയിരുന്നില്ല. അതിനാവശ്യമായ സൂക്ഷ്മതയും ഏകാഗ്രതയും നേടാന്‍ കഴിയുന്നതു തന്നെ ആത്മീയമായി എന്നെ വളര്‍ത്തും എന്ന് എനിക്ക് ഇപ്പോള്‍ ബോധ്യമുണ്ട്.

എന്നെ എന്റെ അലയാളിജീവിതത്തില്‍ നിന്ന് യാഥാര്‍ത്ഥമായ ആത്മീയതിയിലേക്കു വഴിതിരിച്ചു വിട്ട എന്റെ സ്‌നേഹിതനോടുള്ള നന്ദിയാണ് ഞാന്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നത്.

    ആലോചിച്ച് വേണ്ടതു ചെയ്യും എന്ന പ്രതീക്ഷയോടെ,

          നിങ്ങള്‍ക്കും ലോകം മുഴുവനും നന്മ നേര്‍ന്നു കൊണ്ട്

            നിങ്ങളുടെ അയല്‍ക്കാരന്റെ

(ഇപ്പോള്‍ നിങ്ങളുടെയും)

സ്‌നേഹിതന്‍  


Comments