ജനാധികാരമാര്‍ഗം

 നവോത്ഥാനം നവനാഗരികതയില്‍ എന്ന പുസ്തകത്തില്‍ ലോകത്തെവിടെയും ഉള്ള എല്ലാ മനുഷ്യബന്ധങ്ങളും കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള ബന്ധങ്ങള്‍ പോലെ സുന്ദരവും ആനന്ദദായകവും ആക്കാനാവും എന്നാണ് വ്യക്തമാക്കുന്നത്.  

ഈ ആശയത്തിന്റെ ഉപജ്ഞാതാവായ ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പ് മാഷ്  ജീവിച്ചിരുന്ന ആലപ്പുഴ കഞ്ഞിപ്പാടത്തെ വീട്ടില്‍ ചെന്ന് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കാന്‍ ഊട്ടിയില്‍നിന്ന് എന്നെ അയച്ചത് സാക്ഷാല്‍ ഗുരു നിത്യചൈതന്യയതി ആയിരുന്നു. കഞ്ഞിപ്പാടത്തുനിന്ന് ഞാന്‍ പോയത് കാണക്കാരിയിലെ വികാസ് സോഷ്യല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്ക് ആയിരുന്നു. അന്ന് അതിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ എന്‍റെ ചേട്ടന്‍ ജോര്‍ജ് മൂലേച്ചാലില്‍ ആയിരുന്നു.  എന്നില്‍നിന്നും ദര്‍ശനം എന്ന ചെറുമാസികയില്‍നിന്നുമാണ്  ചേട്ടന്‍ കുറുപ്പുമാഷിനെ കൂടുതല്‍ അടുത്തറിഞ്ഞത്. അതിനെത്തുടര്‍ന്ന് ഡി. പങ്കജാക്ഷന്‍മാഷ് വികാസ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഒരു പ്രധാന റിസോഴ്‌സ്‌പേഴ്‌സനായിമാറി. അദ്ദേഹം പങ്കെടുത്ത യുവജനപരിശീലനങ്ങളിലൂടെ അദ്ദേഹത്തിന്റെ ദര്‍ശനം ഉട്ടോപ്യനല്ലെന്നും പ്രാക്ടോപ്യനാണെന്നും ബോധ്യംവന്നശേഷമാണ് ശ്രീ ജോര്‍ജിന്റെ പുസ്തകങ്ങളിലെയെല്ലാം ലേഖനങ്ങള്‍ പിറക്കുന്നത്. അതിനിടയ്ക്ക് ഡി.പങ്കജാക്ഷന്‍മാഷ് പ്രസിദ്ധീകരിച്ച പുതിയലോകം പുതിയവഴി ആണ് ആ ലേഖനങ്ങള്‍ക്കെല്ലാം സുവ്യക്തയും സുനിശ്ചിതത്വവും പകര്‍ന്നിട്ടുള്ളത്. ആ പുസ്തകം അവസാനം കൊടുത്തിട്ടുള്ള ലിങ്കില്‍നിന്ന് സ്മാാര്ട്ട്‌ഫോണിലൂടെ വായിക്കാവുന്നതാണ്. ഇതെല്ലാം വ്യക്തമായറിയുന്ന ഒരാളാകയാലാണ് നവോത്ഥാനം നവനാഗരികതയില്‍ എന്ന പുസ്തകം ഇവിടെ ഞാന്‍തന്നെ പരിചയപ്പെടുത്തുന്നത്.

ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവര്‍ത്തിക്കുക എന്ന (Think globally, act locally) എന്ന കാഴ്ചപ്പാടോടെ, ജാതി-മത-വര്‍ഗ-വര്‍ണങ്ങളുടെയൊന്നും സ്വാധീനങ്ങള്‍ക്ക് വിധേയനാകാതെയാണ് ലോകമെങ്ങും ഇന്നു നിലവിലുള്ള ദുഃഖദുരിതങ്ങളെയും അസമത്വങ്ങളെയും ചൂഷണങ്ങളെയുമെല്ലാം എങ്ങനെ പരിഹരിക്കാനാവും എന്നചോദ്യവുമായി ഗ്രന്ഥകാരനും ഗ്രന്ഥകാരന്റെ ഗുരുവായ ഡി. പങ്കജാക്ഷക്കുറുപ്പുമാഷും സ്ന്തം സ്വതന്ത്രചിന്തയുടെഅശ്വമേധത്തിന് ഇറങ്ങിപ്പുറപ്പടുന്നത്. പങ്കജാക്ഷക്കുറുപ്പുമാഷില്‍നിന്നു വ്യത്യസ്തനായി ഇന്നത്തെ എല്ലാപ്രശ്‌നങ്ങളുടെയും മൂലകാരണം എന്തെന്ന് അന്വേഷിക്കുന്ന ജോര്‍ജ് മൂലേച്ചാലില്‍ തന്റെ പുസ്തകത്തിന്റെ ആദ്യ അധ്യയതാ്തില്‍ത്തന്നെ നവകൊളോണിയലിസത്തിനുള്ളത് ക്രിസ്ത്യന്‍ വേരുകളാണെന്ന്ും യഥാര്‍ഥത്തില്‍ യേശുക്രിസ്തുവോ അദ്ദേഹത്തിന്റെ ദര്‍ശനമോ ആയി യാതൊരു ബന്ധവുമില്ലാത്തതാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെയും പിന്‍ഗാമികളുടെയുംസാമ്രാജ്യത്വവികസനത്തിന്റെ ഭാഗമായി ക്രൈസ്തവമതാധികാരികളെ സ്വാധീനിച്ചു വളര്‍ത്തിയ സാമ്രാജ്യവികസനതന്ത്രത്തിന്റെ വ്യാജവിശേഷണം മാത്രമാണ് ഇന്ന് ക്രിസ്തീയമെന്ന് വിളിക്കപ്പെടുന്നതെന്നും കണ്ടെത്തുന്നു. 

രണ്ടാം അധ്യായം ലോകത്തെ ആകെ കീഴടക്കിയിരിക്കുന്ന ഈ ചന്തവ്യവസ്ഥിതിയും അതിന്റെ പിന്ിലുള്ള യൂറോ അമേരിക്കന്‍ നാഗരിക കാഴ്ചപ്പാടുകളും കേരളസംസ്‌കൃതിയെ എങ്ങനെയെല്ലാം സ്വാധീനിച്ചെന്നു നോക്കിക്കാണുന്നതാണ്. ആധുനികതയുടെയും പരിഷ്‌കൃതിയുടെയും മുഖഭാവം അണിഞ്ഞെത്തിയ പാശ്ചാത്യനാഗരികതയുടെ കടന്നുകയറ്റത്തില്‍പ്പെട്ട് നാം ജാഢ്യംനിറഞ്ഞ ഒരു ജീര്‍ണാവസ്ഥയിലേക്ക് പതിക്കുകയായിരുന്നു എന്നും കലാസാഹിത്യദികളിലും കൃഷിയിലും വിദ്യഭ്യാസത്തിലും എന്നുവേണ്ട നമ്മുടെ മുഴുവന്‍ ജീവിതയിടങ്ങളിലും കളി-വിനോദങ്ങളില്‍പ്പോലും കേരളത്തനിമകള്‍ ന്നൊന്നായി നമ്മുടെ പിടിവിട്ടുപോയിരിക്കുന്നു എന്ന ഗ്രന്ഥകാരന്റെ കണ്ടെത്തല്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. ഒരു മായികനിദ്രയില്‍ എന്നപോലെ ഏതോ വിദൂരനിര്‍ദേശങ്ങള്‍ക്കു വിധേയപ്പെട്ട് പെരുമാറിത്തുടങ്ങിയിരിക്കുന്ന നാം നാമല്ലാതായിത്തീര്‍ന്നിരിക്കുന്നു എന്നും കേരളത്തിന്റെ സ്വത്വബോധം ചേതനയറ്റ് മരവിച്ചുതുടങ്ങിയിരിക്ക്ുന്നു എന്നുമുള്ള ഈ അധ്യായത്തിലെ കണ്ടെത്തല്‍ കേരളത്തിന്റെ തനിമയിലും അനുയോജ്യമായപുരോഗതിയിലും തത്പരരായ ഏവരും ശ്രദ്ധിക്കേണ്ട ഒന്നാണ്. രൂക്ഷമായ വരള്‍ച്ചയെ നേരിടേണ്ട ഘട്ടത്തില്‍ ജലസംരക്ഷണത്തിനായി നാം ചിറകള്‍കെട്ടുകയും കുളങ്ങള്‍ കുഴിക്കുകയും  ഒക്കെ ചെയ്യുന്നതുപോലെ മൂല്യങ്ങളുടെ ഉറവകള്‍ വറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവയുടെ അവശേഷിക്കുന്ന ധാരകളെങ്കിലും സജീവമായി നിലനിര്‍ത്തുന്നതിനുതകുന്ന സംരംഭങ്ങള്‍ക്കു വളരെ പ്രസക്തിയുണ്ട്. പക്ഷേ അത്തരം സംരംഭങ്ങളുടെതിരഞ്ഞെടുപ്പിലും രൂപീകരണത്തിലും തികഞ്ഞ അവധാനതയും വിവേചനബുദ്ധിയും ദീര്‍ഘവീക്ഷണവും നാം പുലര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ വനങ്ങളെ നശിപ്പിച്ചും നദികളെ കൊന്നും വന്‍കിട അണക്കെട്ടുകള്‍കെട്ടി വരള്‍ച്ചയെനേരിടുന്ന ആധുനിക മണ്ടന്‍ പദ്ധതികളായി അവയും വിപരീതഫലമുളവാക്കിയെന്നുവരും, ഏതായാലും ആധുനികവിദ്യാഭ്യാസത്താലും ചിന്താപദ്ധതികളാലും മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെടാത്തവരും എല്ലാ ജാടകളെയും ഒഴിവാക്കിക്കൊണ്ട് ചിന്തയെയും വാക്കിനെയുംപ്രവൃത്തിയെയും പരസ്പരം ഉദ്ഗ്രഥിച്ച് ഏകോപിപ്പിക്കുന്നവരുമായ മൗലികവ്യക്തിത്വങ്ങള്‍ക്കേ സാംസ്‌കാരികരംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ.അല്ലാത്തതെല്ലാം വെറും ജാടവിദ്യകളായി അവശേഷിക്കും. 

രണ്ടാമതായി നടത്തേണ്ടത് മതവിരുദ്ധപ്രസ്ഥാനങ്ങളടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അവശേഷിക്കുന്ന ധാര്‍മികമൂല്യബോധത്തെ സംരക്ഷിക്കാനും വളര്‍ത്താനും ബോധപൂര്‍വമുള്ള പ്രവര്‍ത്തനമാണ്. എല്ലാ പ്രസഥാനങ്ങളുടെയും ആന്തരികസത്തയെ അവയുടതന്നെ ബാഹ്യഘടനകള്‍ ഊറ്റിക്കുടിച്ചുകൊണ്ട് മൗലികവാദത്തിന്റെ രൂപമാര്‍ജിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിനയാന്വിതവും ആത്മാന്വേഷണപരവുമായൊരു നീക്കത്തിലൂടെയേ മൂല്യശോഷണത്തിന്റെ ആക്കംകുറയ്ക്കാനും ദീര്‍ഘവീക്ഷണവും സഹിഷ്ണുതയും ഉദിപ്പിക്കാനും സാധ്യമാവൂ. വീണ്ടുവിചാരത്തിന്റേതായ ഇത്തരം നീക്കങ്ങള്‍ വളര്‍ന്നുവരുന്നതനുസരിച്ച് വിവിധതരത്തിലും തലത്തിലുമുള്ള സൗഹൃദസഖ്യങ്ങള്‍ നൈസര്‍ഗികമായി ഉരുത്തിരിഞ്ഞുവന്നുകൊള്ളും. തുടര്‍ന്ന് എല്ലാ പ്രസ്ഥാനങ്ങളുടെയും ആന്തരികസത്തയെ ഉള്‍ക്കൊള്ളുന്ന പുതിയ മാനവികപ്രസ്ഥാനങ്ങള്‍തന്നെ ഉടലെടുത്തേക്കാം.   

ആധുനികനാഗരികതയാല്‍ അധികം മലീമസമാക്കപ്പെടാത്തഅധസ്ഥിത-ആദിവാസിസമൂഹത്തിന്റെ ജീവിതദര്‍ശനങ്ങളെയും രീതികളെയുമൊക്കെ വിനയപൂര്‍വം സമീപിച്ചാല്‍ നമുക്കുചേര്‍ന്നൊരു പുതിയജീവിതശൈലി രൂപപ്പടുത്തല്‍ എളുപ്പമാകാനിടയുണ്ട്. വിനാശഗര്‍ത്തത്തിലേക്കു താണുപോകാതെ കൈപിടിച്ചുയര്‍ത്താന്‍ സഹായകമായ ഒരു പഴയ തോറ്റംപാട്ടില്‍ സത്യത്തെയും ധര്‍മത്തെയും പരിചയും ചുരികയുമായി കാണുന്നതില്‍ നാം ആര്‍ജിക്കേണ്ട സ്വത്വാവബോധത്തിന്റെ  രത്‌നച്ചുരുക്കമുണ്ട്. ശത്രുവിനോട് എതിരിട്ടെതിരിട്ട് എതിരിടുന്നവനുംഅതേസ്വഭാവം ആര്‍ജിക്കാറുള്ളതുപോലെയാണ് സത്യവും ധര്‍മവും കൈവിട്ടുപോയ നാമും നിലവിലുള്ള വ്യവസ്ഥിതിയെ നേരിടാന്‍ മാരകമായ ഭൗതികായുധങ്ങളെത്തന്നെ ആശ്രയിക്കുന്നത്. 

ജീവിതത്തോടുള്ള പാശ്ചാത്യ-പൗരസ്ത്യ സമീപനങ്ങള്‍അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തങ്ങളാണ് എന്നതിരിച്ചറിവ് നേടാതെ യഥാര്‍ഥ നവോത്ഥാനം സാധ്യമാവില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് രണ്ടാം അധ്യായം സമാപിക്കുന്നത്. 

വികസനം: നിലപാടുകള്‍, സമീപനങ്ങള്‍ എന്ന മൂന്നാം അധ്യായത്തില്‍ ഇന്നത്തെ വികസനപാത ഒരഗാധഗര്‍ത്തത്തിന്റെ വക്കിലെത്തിനില്ക്കുകയാണെന്നു തിരിച്ചറിഞ്ഞ് ഓട്ടത്തിന്റെ വേഗംകുറച്ച് മനുഷ്യ്‌നെ എന്നും നിലനിര്‍ത്തിയിട്ടുള്ള മനുഷ്യന്റെ സ്വതസിദ്ധമായ കഴിവില്‍ വിശ്വാസമര്‍പ്പിച്ച്, വേറെ വഴിയുണ്ടോ എന്നന്വേഷിക്കുന്ന വിവേകശാലികള്‍ ക്രാന്തദര്‍ശിത്വത്തോടെ കാണിച്ചുതരുന്ന പുതിയവഴികള്‍ സ്വീകരിച്ച് മുന്നോട്ടുനീങ്ങാനുള്ളതാണ് എന്നു വ്യക്തമാക്കുന്നു.

നാലാം അധ്യായം മാനുഷികമുഖഭാവമുള്ളതും ആന്തരചൈതന്യംതുടിക്കുന്നതുമായ സ്വന്തം ദളിത് പൈതൃകം തിരിച്ചറിഞ്ഞ് ആത്മാവിഷ്‌കാരം നടത്താന്‍തയ്യാറായാല്‍ ഉണര്‍വിനാവശ്യമായ ക്രാന്തദര്‍ശിത്വവും കരുത്തും കാലം നമുക്കു നല്കുമെന്ന പ്രത്യാശ പകരുന്നു.

നാഗരികതകള്‍ മനുഷ്യനു തീര്‍ത്ത ശവക്കല്ലറയില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പാണ് നവോത്ഥാനം എന്നും അത് പുതിയലോകത്തിന്റെ പിറവിയുമാണ് എന്നും വ്യക്തമാക്കുന്ന അഞ്ചാം അധ്യായം ഏതുപിറവിക്കുമെന്നപോലെ നവലോകത്തിന്റെ പിറവിക്കും ഒരു ഗര്‍ഭകാലമുണ്ടാകും- ആന്തരികവളര്‍ച്ചയുടേതായ ഒരു ഗര്‍ഭകാലം എന്നുംകൂടി വ്യക്തമാക്കുന്നതാണ്. മനുഷ്യചേതനയുടെ അജയ്യതയില്‍ വിശ്വാസമര്‍പ്പിച്ച് അതിനു രാജപാതയൊരുക്കാന്‍ നമുക്കാവതു നാം ചെയ്താല്‍ നവോത്ഥാനം സംഭവിക്കുകതന്നെചെയ്യും എന്ന പ്രത്യാശഉണര്‍ത്തിക്കൊണ്ടാണ് ഈ അധ്യായം സമാപിക്കുന്നത്. 

നവോത്ഥാനത്തിന് അയല്‍ക്കൂട്ടസമൂഹരചന എന്ന ആറാം അധ്യായം പരസ്പരം വേണ്ടപ്പെട്ടവര്‍ എന്ന ബോധത്തോടെ തമ്മില്‍ അറിഞ്ഞും ഉള്‍ക്കൊണ്ടുമുള്ള പരസ്പരാശ്രിതസാമൂഹിക ജീവിതശൈലി വിവേകപൂര്‍വം രൂപപ്പെടുത്തിക്കൊണ്ട് മനുഷ്യജീവിതം ഐശ്വര്യപൂര്‍ണവും ആനന്ദകരവുമാക്കാം എന്നുനമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യന്റെ സ്വകാര്യമാത്രപരത രൂപംകൊടുത്തിരിക്കുന്ന ഇന്നത്തെ മത്സരാധിഷ്ഠിത ലോകവ്യവസ്ഥയുടെ പ്രചണ്ഡമായ കുത്തൊഴുക്ക്      ്ണകെട്ടി തടഞ്ഞുനിര്‍ത്തിയിട്ടുചെയ്യാവുന്നതല്ല നവസമൂഹരചന എന്ന വ്യക്തമായ ബോധ്യത്തോടെയാണ് ഈ അധ്യായം രചിച്ചിരിക്കുന്നത്.ഓരോ മനുഷ്യനിലുമുള്ള സ്വകാര്യമാത്രപരതയുടെ ഉറവക്കണ്ണുകളാണഅ ഈ കുത്തൊഴുക്കിനാധാരം എന്നതിനാല്‍ ഓരോ മനുഷ്യനിലുമാണ് ശ്രദ്ധിക്കേണ്ടത്. മനുഷ്യമനസ്സുകളെ പരാര്‍ഥതാബോധത്തിന്റെ ഉറവക്കണ്ണുകളാക്ുക എന്ന അടിസ്ഥാനപ്രവര്‍ത്തനമാണുവേണ്ടത്. എന്നാല്‍ സാമൂഹികപരിവര്‍ത്തനം സംഭവിക്കണമെങ്കില്‍ പരാര്‍ഥതയ്ക്ക്, ബന്ധുത്വഭാവത്തിന് സാമൂഹികരൂപം കൂടി സമാന്തരമായി ചമയ്‌ക്കേണ്ടതുണ്ട്. അതാണ് ശ്രീ പങ്കജാക്ഷക്കുറുപ്പു മുന്നോട്ടുവയ്ക്കുന്ന തറക്കൂട്ട-അയല്‍ക്കൂട്ട സംവിധാനം. ഈ അടിസ്ഥാനസമൂഹസംവിധാനം രൂപീകരിക്കുന്നതില്‍ മനുഷ്യന്‍ വിജയിക്ക്ുന്നതിനനുസൃതമായി സ്വകാര്യമാത്രപരതയുടെ കുത്തൊഴുക്ക് കുറഞ്ഞുവരികയും പരാര്‍ഥതയുടെ നീരൊഴുക്കില്‍ പുതിയസമൂഹം തളിര്‍ത്തുതുടങ്ങുകയും ചെയ്തുകൊള്ളും. 

ഡി പങ്കജാക്ഷന്‍മാഷ് വിഭാവനംചെയ്യുന്നത് സാമൂഹികഉടമാസമ്പ്രദായമോ ട്രസ്റ്റീഷിപ്പോ അല്ല വ്യക്തിയുടമാസമ്പ്രദായമാണ്. അത് സ്വന്തം വ്യക്തിസ്വാതന്ത്ര്്യത്തിലും നിന്നുകൊണ്ട് എനിക്കും എനിക്കു വേണ്ടപ്പെട്ടവരായതുകൊണ്ട് എന്റെ അയല്‍ക്കാര്‍ക്കും മുഴുവന്‍ ലേകത്തിനുംവേണ്ടി വ്യക്തി കരുതുന്ന സ്വത്താണ്. ഈ വീട് എന്റേതാണ് എന്ന ബോധം പുതിയസമൂഹത്തില്‍ നശിക്കുന്നില്ല. ഈ ഭൂമിയില്‍ അധ്വാനിക്കാന്‍ ആര്‍ക്കും വരാം. എന്റെ അയല്‍ക്കാരുടെ പറമ്പില്‍ അവരോടൊപ്പം പണിചെയ്യാന്‍ എനിക്കും അവസരമുണ്ടാകും. എന്റെ പറമ്പില്‍ ഉണ്ടായിട്ടുള്ള വിളകള്‍ എന്റേതും അയല്‍ക്കാരുടെ പറമ്പിലുണ്ടാകുന്നവ അവരുടേതുമാണ്. ഞാന്‍ എന്റെ വിളകള്‍ മറ്റുള്ളവര്‍ക്കും മറ്റുള്ളവര്‍ എനിക്കാവശ്യത്തിനില്ലാത്തത് എനിക്കും നല്കുന്നു. ഇങ്ങനെ ചെയ്യുന്നത് അവര്‍ എനിക്കും ഞാന്‍ അവര്‍ക്കും വേണ്ടപ്പെട്ടവരായതിനാലാണ്. പൊതുഉടമയില്‍ ഉണ്ടാക്കുന്നതിന്റെ വിളവ് അവകാശപ്പെട്ടവര്‍ക്കുകൊടുക്കുന്നതുപോലല്ല, ഇത്. എനിക്കുയഥേഷ്ടം ഉപയോഗിക്കാവുന്ന വിളകള്‍ എന്റെ ഇഷ്ടപ്രകാരം മറ്റുള്ളവര്‍ക്കു കൊടുക്കുകയാണ്. ഇവിടെയാണ് വ്യക്തിവികാസം സംഭവിക്കുന്നത്, വ്യക്തിബന്ധം ഉറയ്ക്കുന്നത്. കൊടുക്കുന്നവനും വാങ്ങുന്നവനും സന്തോഷമുണ്ടാകുന്നതോടൊപ്പം ഇച്ഛാശക്തി വളരുകയും ചെയ്യുന്നു. ആരെയും മാനസികമായിപ്പോലും ഹിംസിക്കുകയോ ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തെയോ ഇച്ഛ്ാശക്തിയയോ മുറിപ്പെടുത്തുകയോ ചെയ്യുന്നില്ലാത്തതിനാല്‍ ബന്ധുത്വാധിഷ്ഠിത സാമൂഹികദര്‍ശനം ഗാന്ധിജിയുടെ അഹിംസാത്മക സാമൂഹികദര്‍ശനത്തെക്കാള്‍ അഹിംസാത്മകമാണ്.  

ഇനിയും ഡി പങ്കജാക്ഷന്‍മാഷിന്റെ ദര്‍ശനമുസരിച്ചുള്ള ലോകസംവിധാനത്തെപ്പറ്റി ഞാന്‍ എഴുതിയിട്ടുള്ള ഒരു കവിത ഈ  പുസ്തകത്തിന്റെ ഉള്ളടക്കത്തോട് ചേര്‍ന്നു പോകുന്ന ഒന്നാകയാല്‍ ഞാന്‍ പകര്‍ത്താം.

ജനാധികാരമാര്‍ഗം

അയലുകള്‍തമ്മില്‍ ചേരണമാദ്യം

അവിടുന്നാണുംപെണ്ണുംവരുമാ-

റിരുപ്രതിനിധികള്‍ വരണ, മവര്‍ചേര്‍-

ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ 

പ്രതിനിധിമാരായ് കണ്ടെത്തേണം

അവരിലുമാണും പെണ്ണുംവേണം

അയലിന്‍പ്രതിനിധിയാകുമവര്‍ക്കി-

ല്ലവരുടെ സ്വന്തമഭിപ്രാ.ങ്ങള്‍

അവരുടെ കൂട്ടത്തിന്‍നാവായവര്‍

അറിയണ,മങ്ങനെതന്നെയവര്‍ ചേര്‍ന്നീടില്‍

അയലുകള്‍ചേര്‍ന്നു പറഞ്ഞീടുന്നവ

പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍

സംസ്ഥാനത്തില്‍, കേന്ദ്രം വരെയും

പോയീയേണ്ടവരെ കണ്ടെത്താം

ഇങ്ങനെയുള്ളൊരിലക്ഷന്‍വന്നാല്‍

കക്ഷികള്‍, പണവും നമ്മെഭരിച്ചിടു-

മിപ്പോഴത്തെയവസ്ഥയില്‍നിന്നും

നമ്മള്‍ മോചിതരായിടും, അറിയൂ! 


അല്പം സ്വകാര്യാനുഭവങ്ങള്‍കൂടി പങ്കുവയ്ക്കുന്നത് ഈ പുസ്തകത്തിലെ വിഷയവുമായി ഇതിന് അഭേദ്യമായ ബന്ധമുള്ളതിനാലാണ്.        

1991ല്‍ എന്റെ വിവാഹംകഴിഞ്ഞ് അധികം താമസിയാതെയായിരുന്നു മാനുഷികധ്യാനം എന്ന സങ്കല്പത്തിന്റെ പ്രയോഗോദ്ഘാടനം. അതിന് എന്നോടൊപ്പം എന്റെ വധുവും പുന്നപ്രയിലെത്തിയതും രാത്രി ശാസ്ത്രസാഹിത്യപരിഷത്തിലെ എസ് പ്രഭാകരന്‍നായര്‍ സാറിനോടൊപ്പം തങ്ങിയതുംപിറ്റേന്ന് സായാഹ്നത്തില്‍ കടല്‍ത്തീരത്തെവിശാലമായ മണല്‍പ്പുറത്തുവച്ച് നടന്ന മാനുഷികധ്യാനത്തില്‍ പങ്കെടുത്തതും എന്റെ അവിസ്മരണീയമായ അനുഭവമാണ്. 1993ല്‍ എന്റെ ഭാര്യ മകളെ പ്രസവിച്ച് സ്വന്തം വീട്ടിലേക്കുപോയതിനാല്‍ പനയ്ക്കപ്പാലത്ത് വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ പാലായില്‍പ്രവര്‍ത്തിച്ചിരുന്ന കര്‍ഷകക്കൂട്ടായ്മയുടെ ആദ്യത്തെ അയല്‍ക്കൂട്ടവും തുടര്‍ന്ന് മൂലേച്ചാലില്‍കടവു പുനരുദ്ധരിക്കാനുള്ള ശ്രമദാനസദ്യയും എന്റെ വീട്ടുമുറ്റത്തുവച്ചു നടന്നതും ആ വര്‍ഷത്തെ ക്രിസ്മസ് ഒരു മതാതീതാഘോഷമായി അന്നുണ്ടായിരുന്ന ചൈതന്യാ ഹാളില്‍ വച്ച് നടന്നതും എല്ലാം എന്നില്‍ അന്നു ശക്തമായിരുന്ന അയല്‍ക്കൂട്ടദര്‍ശനത്തിന്റെ പ്രചോദനത്തില്‍ സംഭവിച്ചവയാണ്. ക്രിസ്മസ് ആഘോഷത്തിന്റെ മുമ്പ് ഒരുമാസമെങ്കിലും ഞാന്‍ ദിവസവും രാവിലെ എന്റെ വീട്ടിലും അയല്‍വീടുകളിലുമുള്ള ഓരോരുത്തരുടെയും പേരും രൂപവും അവസ്ഥയും അനുസ്മരിച്ചുകൊണ്ട് അവരുടെ ഓരോരുത്തരുടെയും നന്മയ്ക്കായി എന്നാലാവുന്നതുചെയ്തുകൊള്ളാം എന്ന പ്രതിജ്ഞ ഉള്‍പ്പെടുന്ന മാനുഷികധ്യാനം ചെയ്തിരുന്നു. ആ ക്രിസ്മസ് ആഘോഷം ആ അയല്‍ക്കൂട്ടത്തിലുണ്ടായിരുനന്ന ആര്‍ക്കും മറക്കാനാവില്ലാത്തതായിരുന്നു. ആ അയല്‍ക്കൂട്ടത്തില്‍ കേക്കുമുറിച്ച വല്യമ്മച്ചി എന്റെ വീട്ടില്‍പ്പെട്ട എല്ലാവരും ശത്രുവായിക്കണ്ടിരുന്ന ആളായിരുന്നു എന്നതും അവരെ കേക്കുമുറിക്കാന്‍ അവരുടെ വീട്ടിലെത്തി ക്ഷണിച്ചത് ഞാനായിരുന്നു എന്നതും എനിക്കിന്നും ചാരിതാര്‍ഥ്യം പകരുന്ന കാര്യങ്ങളാണ്. 


ഞാനും ചേട്ടനും തമ്മില്‍ നടത്തിയിരുന്ന സുദീര്‍ഘവും ആശയസംവാദസ്വഭാവമുള്ളതുമായ കത്തുകളെപ്പറ്റി കേട്ടപ്പോള്‍ തനിക്ക് തന്റെ അനുജനോട് അങ്ങനെയൊരു ബന്ധം പുലര്‍ത്താന്‍ സാധിക്കാത്തതിനെ ഖേദപൂര്‍വം അനുസ്മരിക്കുകയും വിന്‍സെന്റ് വാന്‍ഗോഗിനു സഹോദരനുമായുണ്ടായിരുന്ന കത്തിടപാടുകള്‍പോലെയാണല്ലോ ചേട്ടനുമായുള്ള എന്റെ  കത്തിടപാടുകളെന്നു തെല്ലൊരസൂയയോടെ പ്രശംസിക്കുകയും ചെയ്തിട്ടുള്ളത് എനിക്ക് അവിസ്മരണീയമായ കാര്യമാണ്. എന്റെ കൗമാരത്തില്‍ ഞാന്‍ ചേട്ടനെഴുതിയ കത്തുകളിലൊന്നില്‍ 

കാഞ്ചനക്കൂട്ടിലെ ബന്ധിതനാണു ഞാന്‍ എന്നും ബന്ധങ്ങളൊക്കെയും ബന്ധനമാകാതെ എന്നിനി പൂമാല മാത്രമാകും എന്നു ഞാനെഴുതിയതിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വന്തം ജോലിയുടെ കരാര്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പേ രാജിവച്ച് നാട്ടിലേക്ക് തിരിച്ചുപോന്ന് എനിക്ക് നിത്യചൈതന്യതിയോടൊപ്പം രണ്ടു വര്‍ഷം ജീവിക്കാന്‍ അവസരമൊരുക്കിത്തന്നത്. ചേട്ടന് കേരളത്തില്‍ ഏറ്റവും അനുയോജ്യമാായ ഒരു തൊഴിലിടത്തില്‍ പത്തുവര്‍ഷത്തിലേറെ ജോലിചെയ്യാനും അനേകം സമാനമനസ്‌കരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും ആ തിരിച്ചുവരവ് അവസരമൊരുക്കി എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇത് സഹൃദയസമിതിയായതിനാല്‍ ചേട്ടനുംഞാനും തമ്മിലുള്ള ബന്ധം ആവിഷ്‌കരിച്ചിട്ടുള്ള ഒരു കവിത ഇവിടെ ഞാനൊന്നാലപിക്കാം. 

ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ!


എന്റെ  കുഞ്ചേട്ടന്

അന്ധവിശ്വാസ വീഥിയിലന്ധനായ്

'ബന്ധമൊക്കെയും ബന്ധന'*മെന്നറി

ഞ്ഞെന്നു പൂമാലയായിടുമൊക്കെയു

മെന്നു ചോദിച്ചിരുന്നവനാണു ഞാന്‍!

അന്നു കൗമാരസംഘര്ഷനവേളയില്‍ 

എന്‍ സുഹൃദ്ഗുരുവായതെന്‍ ചേട്ടനാം!!


യുക്തിഭദ്രമാം ചിന്തയും ശാസ്ത്രീയ

യുക്തിബോധവും നേടുവാന്‍ ഞാനൊരു

ശക്തനായ് വളര്ന്നീ ടാന്‍ തുണച്ചതും

ശക്തികേന്ദ്രമായ്ത്തീര്ന്നാതും ചേട്ടനാം!!!


ഒരു ഗുരു**വിനെക്കണ്ടെത്തി ഞാ,നയല്‍

പ്പൊരുളറിഞ്ഞു ജീവിക്കാന്‍ ലഭിച്ചതാ-

മരുളു*** പങ്കുവച്ചപ്പൊഴെന്‍ ചേട്ടനും

ഗുരുപഥത്തിലിങ്ങെന്‍ കൈപിടി,ച്ചിതാ! 


അറിവിലേറെ വൈകാരികസംഘര്ഷ-

മനുഭവിച്ചിരുന്നോരു ഞാന്‍ ദര്ശന-

സ്ഫുടത നേടുവാന്‍ സാഹിത്യവീഥിയില്‍

വഴിതെളിച്ച ഗുരുത്വമാണെന്നൊടീ

അഴലില്‍നി്ന്നഴകെന്നു കാണിച്ചതും

അഴകു കാവ്യത്തിലെന്നു കാണിച്ചതും!

 

ശാസ്ത്രവും കാവ്യഭാഷയി****ലാക്കിടില്‍

ശസ്ത്രതുല്യമായ്ത്തീര്ന്നി ടും, വില്ലുപോല്‍

അന്പി*****നാലമ്പയയ്ക്കണമെന്നറി

ഞ്ഞന്പിുലൂടറിവാമസ്ത്രമെയ്യവെ

ഞങ്ങളിന്നറി:ഞ്ഞന്പാ*ല്‍ കുറിപ്പവ

എങ്ങുമര്ജുനാസ്ത്രങ്ങളായ് മാറിടും!******


*

ചേട്ടന്മാര്‍  വിദൂരത്തു ജോലിയിലായതിനാല്‍, 


1970ല്‍, ഞാന്‍ എനിക്ക് അനുഭവപ്പെട്ടിരുന്ന സ്വാതന്ത്ര്യക്കുറവിനെപ്പറ്റി എഴുതിയ കവിതയിലെ 'ബന്ധങ്ങളൊക്കെയും ബന്ധനമാകാതെ എന്നിനിപ്പൂമാല മാത്രമാകും' എന്ന വരികള്‍ 

**

ഗുരു നിത്യചൈതന്യയതി 

***

ഗുരു എന്നെ പരിചയപ്പെടുത്തിയ ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പിന്റെ  അയല്‍ക്കൂട്ടദര്‍ശനവും 'ദര്‍ശനം' മാസികയും 

**** 

ഇതിഹാസങ്ങളില്‍ മാത്രമല്ല, വേദോപനിഷത്തുക്കളിലും ആയുര്‍വേദം പോലുള്ള ഭാരതീയ ശാസ്ത്രകൃതികളിലും ഉപയോഗിച്ചിട്ടുള്ള പ്രതീകാത്മകവും ഛന്ദോബദ്ധവുമായ ഭാഷ 

*****

'അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണതു ജീവതാരകം' എന്ന നാരായണഗുരുവിന്റെ ദര്‍ശനം 

****** 

സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ഹൃദയംഗമങ്ങളായ ആശയങ്ങള്‍ 1-2-4-8-16 എന്നിങ്ങനെ പങ്കുവയ്ക്കപ്പെട്ട് അതിവേഗം പ്രചരിക്കും എന്ന പ്രത്യാശ 

ലോകത്തില്‍ മനുഷ്യബന്ധങ്ങളെല്ലാം ഇതിലെപ്പോലെ പരസ്പരപ്രചോദകമാകട്ടെ എന്നതാണ് ഈ പുസ്തകത്തിന്റെ ആത്യന്തികലക്ഷ്യം എന്നതിനാല്‍ ഈ പുസ്തകം വായിച്ചിട്ടില്ലാത്തവരും വായിച്ച എന്നെപ്പോലെ പ്രചോദിതരാകണമെന്ന് ആശംസിച്ചുകൊണ്ട് എന്റെ ഈ പരിചയപ്പെടുത്തല്‍ സമാപിപ്പിക്കുന്നു.

https://ml.sayahna.org/index.php/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82_%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%B5%E0%B4%B4%E0%B4%BF


Comments